ഡിജിറ്റൽ തട്ടിപ്പുകാർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. കുറ്റക്കാർക്ക് ഒരു വർഷം തടവും രണ്ടര ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം (2.41 കോടി രൂപ) വരെ പിഴയുമാണു ശിക്ഷയെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അറിയിച്ചു. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചു തടവോ പിഴയോ രണ്ടും ചേർത്തോ ശിക്ഷ നൽകാനും നിയമം അനുശാസിക്കുന്നു.
ഓൺലൈനിൽ കിംവദന്തി പ്രചരിപ്പിക്കുന്നവർക്കും വ്യാജ രേഖകൾ ചമച്ചോ, ആൾമാറാട്ടം നടത്തിയോ സ്വത്തോ മറ്റു സാമ്പത്തിക ആനുകൂല്യങ്ങളോ ഔദ്യോഗിക രേഖകളോ കൈവശപ്പെടുത്തുന്നവർക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വ്യാജ പേരിലോ വ്യാജ തിരിച്ചറിയൽ കാർഡിലോ പ്രവേശിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും.
ഓൺലൈനിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന പ്രവണത വർധിച്ച പശ്ചാത്തലത്തിലാണു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തട്ടിപ്പുകാരെ സമീപിക്കേണ്ട രീതി, തട്ടിപ്പിൽ നിന്നു രക്ഷപ്പെടാനുള്ള വഴികൾ എന്നിവ ഉൾപ്പെടുത്തി ഡിജിറ്റൽ മീഡിയകളിലും ബോധവൽക്കരണം ഇതിനോടകം ശക്തമാക്കിയിട്ടുണ്ട്. വാഗ്ദാനങ്ങളിലോ ഭീഷണികളിലോ വീഴാതിരിക്കുക, തന്ത്രപ്രധാന വിവരങ്ങൾ പങ്കിടാതിരിക്കുക, അനധികൃത വ്യക്തികൾക്കു സ്വകാര്യ ഡേറ്റയിലേക്കു പ്രവേശിക്കാൻ കഴിയില്ലെന്നു ഉറപ്പാക്കുക, സുപ്രധാന വിവരങ്ങളും രേഖകളും ലോക്ക് ചെയ്തു സംരക്ഷിക്കുക, ഉപകരണങ്ങൾ ഹാക്ക് ചെയ്യുകയോ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ വിദൂരമായി ഡേറ്റ മായ്‌ക്കാനുള്ള സംവിധാനം നേരത്തെ സജ്ജമാക്കുക, വിവരങ്ങളും മറ്റും സൂക്ഷിക്കാൻ സുരക്ഷിത സ്റ്റോറേജ് സംവിധാനം ഉപയോഗപ്പെടുത്തുക എന്നിവയാണു അധികൃതർ നൽകുന്ന പ്രധാന നിർദേശങ്ങൾ.
STORY HIGHLIGHT: uae digital fraud
















