എക്‌സ് സീരിസിൽ പുതിയ കാറുമായി സിട്രോൺ. സിട്രോൺ എയർക്രോസ് എക്‌സ് എന്ന പേരിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ പുതിയ എസ്‌യുവി സി3 എക്‌സ്, ബസാൾട്ട് എക്‌സ് എന്നിവയ്ക്ക് പിന്നിൽ സ്ഥാനം പിടിക്കും. സുഖകരമായ റൈഡിങ് ഉൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് സിട്രോൺ എയർക്രോസ് എക്‌സ് പുറത്തിറക്കിയത്.
8.29 ലക്ഷം രൂപയാണ് ഈ കാറിന്‍റെ എക്‌സ്-ഷോറൂം വില. രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിലും ഓൺലൈനിലും കാറിനായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് വിശദമായി അറിയാം.
ഡീപ് ഫോറസ്റ്റ് ഗ്രീൻ കളർ എഡിഷനിലാണ് കമ്പനി സിട്രോൺ എയർക്രോസ് എക്‌സ് പുറത്തിറക്കിയിരിക്കുന്നത്. ഓപ്ഷണൽ ഡ്യുവൽ-ടോൺ ബ്ലാക്ക് റൂഫും ഇതിൽ ലഭ്യമാകും. റൂഫിനായി 20,000 രൂപ അധികം ചെലവഴിക്കേണ്ടിവരും. ഇതിനുപുറമെ, കാറിന്‍റെ മുൻവശത്ത് എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും, പിൻവശത്ത് എയർക്രോസ് എക്‌സ് ബാഡ്‌ജും, കറുത്ത ആക്‌സന്‍റുകളും നൽകിയിട്ടുണ്ട്. ഇത് കാറിനെ ഒന്നുകൂടെ സ്റ്റൈലിഷ് ആക്കുന്നു.
സിട്രോൺ എയർക്രോസ് എക്‌സിന്‍റെ ഇന്‍റീരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ക്യാബിനിൽ ഡീപ് ബ്രൗൺ നിറം, സ്വർണ്ണ നിറത്തിലുള്ള ആക്‌സന്‍റുകൾ, സോഫ്റ്റ്-ടച്ച് ലെതർ, പുതിയ ലെതർ അപ്ഹോൾസ്റ്ററി എന്നിവയുണ്ട്. വെന്‍റിലേറ്റഡ് സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 10.25 ഇഞ്ച് ബെസൽ-ലെസ് ടച്ച്‌സ്‌ക്രീൻ എന്നിവയും ഇതിലുണ്ട്. 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്ററും ഇതിലുണ്ട്. ഇത് കാറിനെ കൂടുതൽ സ്‌മാർട്ടാക്കുന്നു. കൂടാതെ ആംബിയന്‍റ്, ഫുട്‌വെൽ ലൈറ്റിങും ഇതിലുണ്ട്.
കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഐആർവിഎം എന്നീ ഫീച്ചറുകളും സിട്രോൺ എയർക്രോസ് എക്‌സിലുണ്ട്. ഈ എസ്‌യുവിയിൽ ഹാലോ 360° ക്യാമറയ്‌ക്കൊപ്പം സാറ്റലൈറ്റ് വ്യൂവും ലഭിക്കും. ഇതിനായി 25,000 രൂപ അധികം ചെലവഴിക്കേണ്ടിവരും. 52 ഭാഷകൾ സംസാരിക്കാൻ കഴിയുന്ന CARA വോയ്‌സ് അസിസ്റ്റന്‍റും കാറിലുണ്ട്.
നിരവധി സുരക്ഷാ ഫീച്ചറുകളോടെയാണ് സിട്രോൺ എയർക്രോസ് എക്‌സ് വന്നിരിക്കുന്നത്. 6 എയർബാഗുകൾ, ESP, ഹിൽ ഹോൾഡ്, EBD ഉള്ള ABS, റിയർ പാർക്കിങ് സെൻസർ, ആകെ 40+ ആക്റ്റീവ്, പാസീവ് സുരക്ഷാ സവിശേഷതകൾ എന്നിവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. അടുത്തിടെ ഭാരത് NCAPയിൽ നിന്ന് കാറിന് 5 സ്റ്റാർ റേറ്റിങ് ലഭിച്ചിരുന്നു.
മെക്കാനിക്കൽ ഫീച്ചറിലേക്ക് പോകുമ്പോൾ, പവർട്രെയിനിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. 1.2 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ ഓപ്‌ഷനിലും, 1.2 ലിറ്റർ ടർബോ പെട്രോൾ ഓപ്‌ഷനിലും ഇത് ലഭ്യമാകും. ആദ്യ പതിപ്പിൽ മാനുവൽ ട്രാൻസ്‌മിഷൻ ഓപ്‌ഷനുകൾ മാത്രമേയുള്ളൂ. അതേസമയം ടർബോ പതിപ്പ് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
















