തലമുടി നരയ്ക്കുന്നത് വാർദ്ധക്യത്തിന്റെ മാത്രം ലക്ഷണമാണെന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു. ഇന്ന് ഇരുപതുകളിലും മുപ്പതുകളിലുമുള്ള യുവജനതയെ അലട്ടുന്ന വലിയ സൗന്ദര്യപ്രശ്നമാണ് അകാല നര. ഈ പ്രായത്തിൽ മുടി നരയ്ക്കുന്നത് പലരിലും ആശങ്കയുണ്ടാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ചെറുപ്പക്കാരിൽ ഈ അകാല നര വർദ്ധിക്കുന്നത്?
ചെറുപ്പക്കാരില്‍ അകാല നര ഉണ്ടാകാനുള്ള കാരണം ?
മുടിയിലെ മെലാനിന്‍ പിഗ്മെന്റ് നഷ്ടപ്പെട്ട് ചെറിയ പ്രായത്തില്‍ത്തന്നെ മുടി നരയ്ക്കുന്ന അവസ്ഥയാണ് അകാല നര. ഇക്കാലത്ത്, 20 നും 30 നും ഇടയില്‍ പ്രായമുള്ള നിരവധി ചെറുപ്പക്കാര്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. നിങ്ങളുടെ തലമുടി മെലാനിന്‍ പിഗ്മെന്റ് ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുമ്പോഴാണ് മുടി നരയ്ക്കുന്നത്. വെയിലില്‍നിന്നുളള അള്‍ട്രാവയലറ്റ് രശ്മികള്‍, വായു മലിനീകരണം, പുകവലി, വൈകാരിക സമ്മര്‍ദ്ദം തുടങ്ങിയ ഘടകങ്ങളോടൊപ്പം പല ജനിതക ഘടകങ്ങളും ഇതിനെ സ്വാധീനിക്കും.
കെമിക്കലുകള്‍ അടങ്ങിയ ഹെയര്‍ ഡൈകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് (വിറ്റാമിന്‍ ബി 12, ഇരുമ്പ്, ചെമ്പ്, സിങ്ക് പോലുള്ളവ), ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ (അറ്റോപിക് ഡെര്‍മറ്റൈറ്റിസ്, തൈറോയ്ഡ് പോലുള്ളവ), ഹൈപ്പോതൈറോയിഡിസം പോലുള്ള ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവയാണ് അകാല മുടി നരയ്ക്കലിനുള്ള മറ്റ് പ്രധാന കാരണങ്ങള്‍. അതുപോലെ വിറ്റാമിന്‍ ബി 12, ഫോളേറ്റ് എന്നിവയുടെ കുറഞ്ഞ അളവും അകാല നരയുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിട്ടുമാറാത്ത സമ്മര്‍ദ്ദം മുടികൊഴിച്ചില്‍ ഉള്‍പ്പെടെ പല വിധത്തിലുളള ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിനാല്‍ കഴിയുന്നത്ര സമ്മര്‍ദ്ദം കുറയ്ക്കുക. ദിവസവും ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങുക. സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ദിവസവും വ്യായാമം ചെയ്യുകയോ യോഗ പ്രാക്ടീസ് ചെയ്യുകയോ ചെയ്യാം.
പ്രോട്ടീന്‍ സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുക. വിറ്റാമിന്‍ ബി 12 അടങ്ങിയ മത്സ്യം, മുട്ട അല്ലെങ്കില്‍ പാലുല്‍പ്പന്നങ്ങള്‍ പോലുള്ള ഭക്ഷണങ്ങളും ചീര, കാബേജ് പോലുള്ള ഇലക്കറികളും കടല, പയര്‍ പോലുള്ള പയറ് വര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
















