ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരില്‍ ആശുപത്രിയിലെ ഐസിയുവിലുണ്ടായിരുന്ന തീപ്പിടിത്തത്തില്‍ ആറ് രോഗികള്‍ക്ക് ദാരുണാന്ത്യം. ജയ്പൂരിലെ സവായ് മാന്‍ സിങ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു. തീപ്പിടിത്തത്തിന് പിന്നാലെയുണ്ടായ വിഷവാതകം മരണകാരണമായി. മരിച്ചവരിൽ 2 സ്ത്രീകൾ ഉൾപ്പെടുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് ഐസിയുവിലുണ്ടായിരുന്നത് 11 പേരാണ്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഗുരുതര രോഗാവസ്ഥയുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. അതേസമയം, ആശുപത്രിയിൽ ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ തുടരുകയാണ്.
















