കെയ്റോ: ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് ഈജിപ്തിലെ ശറമുശൈഖിൽ തുടക്കം. ഈജിപ്തിലെ ശറമുശൈഖിൽ ഹമാസ്, ഇസ്രായേൽ പ്രതിനിധികൾ തമ്മിൽ മധ്യസ്ഥർ വഴിയുള്ള പ്രാഥമിക സംഭാഷണങ്ങൾക്കാണ് തുടക്കമായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയിൽ ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണു ചർച്ച. ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ച ചെയ്യുക.
കഴിഞ്ഞ മാസം ഖത്തറിൽ ഇസ്രയേൽ നടത്തിയ വധശ്രമത്തിൽ രക്ഷപെട്ട ഖലീൽ അൽ-ഹയ്യയാണ് ഹമാസ് സംഘത്തെ നയിക്കുന്നത്. അതിനിടെ നോബൽ സമ്മാനത്തിന് ട്രംപിനെ പിന്തുണച്ച് ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ വംശജരുടെ കുടുംബങ്ങൾ രംഗത്തെത്തി. അടിയന്തര വെടിനിർത്തലിനുള്ള സാധ്യതകളും ബന്ദികളുടേയും പലസ്തീൻ തടവുകാരുടേയും കൈമാറ്റത്തേയും സംബന്ധിച്ച കാര്യങ്ങളാകും നിർണായക ചർച്ചയിൽ പ്രധാന വിഷയങ്ങളാകുക. ബന്ദികളുടെ മോചനത്തിനായുള്ള സാഹചര്യമൊരുക്കാനും ദീർഘകാല വെടിനിർത്തലിനായുള്ള ചർച്ചകളുമാണ് നാളെ നടക്കുക.
തെക്കൻ ഇസ്രായേലിൽ 2023 ഒക്ടോബർ 7 ന് ഹമാസ് നയിച്ച ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന്റെ തലേന്നാണ് സമാധാന ചർച്ചകൾ തുടങ്ങുന്നത്. ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പ്രത്യാക്രമണം നടത്തിയത്. ഇതേ തുടർന്ന് ഗാസയിൽ 67,160 പേർ കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ കണക്ക്.
പതിറ്റാണ്ടുകളായി ഹമാസിനെ പ്രത്യക്ഷമായി പിന്തുണച്ചിരുന്ന ഇറാൻ ഇപ്പോൾ ട്രംപിനെ അനുകൂലിച്ച് ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം വെടിനിർത്തൽ ചർച്ചക്കിടയിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇന്നലെ 21 പേർ കൊല്ലപ്പെടുകയും 98 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റു. ഗസ്സയിലേക്ക് സഹായം വിലക്കിയ ഇസ്രായേൽ നടപടി കടുത്ത മാനുഷിക ദുരന്തത്തിന് വഴിയൊരുക്കിയതായി യു.എൻ ഏജൻസികൾ കുറ്റപ്പെടുത്തി.
















