പത്തനംതിട്ട: അടൂർ കോട്ടമുകളിലെ ടിവിഎസ് വാഹന ഷോറൂമിലുണ്ടായ വൻ തീപിടുത്തത്തിൽ ഏകദേശം 25 ഓളം ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് തീ പടർന്നു പിടിച്ചത്.
അടൂർ, പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടുത്തത്തിന്റെ കാരണങ്ങളെക്കുറിച്ച് ഫയർഫോഴ്‌സ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഷോറൂമിന്റെ പ്രവർത്തനത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതലുകളും പാലിക്കാതെയാണ് ഷോറൂം പ്രവർത്തിച്ചിരുന്നതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ കെട്ടിടം പന്തളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്. തീപിടുത്തത്തിന്റെ പൂർണ്ണമായ കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം നടന്നു വരികയാണ്. വാഹനങ്ങൾ കത്തി നശിച്ചതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
















