ഷിംല: ഹിമാചൽപ്രദേശിലെ ബിലാസ്‌പുരിൽ ബസിന് മുകളിൽ മണ്ണിടിഞ്ഞുവീണ് 18 പേർ മരിച്ചു. ജനുദത്ത സബ്ഡിവിഷനിലെ ബലുർഘട്ടിലാണ് ചൊവ്വ രാത്രിയോടെ അപകടമുണ്ടായത്. ജില്ലയില്‍ രാത്രിയോടെ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിലാണ് അപകടമുണ്ടായത്. മണ്ണും പാറക്കെട്ടുകളും ബസിന് മുകളിലേക്ക് ഇടിഞ്ഞ് വീണതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഹരിയാനയിലെ രോഹ്‌തകിൽ നിന്ന് ഹിമാചലിലെ ഗുമർവിന്നിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് ബസിന് മുകളിൽ വീണെന്നാണ് റിപ്പോർട്ടുകൾ. ബസിനുള്ളിൽ മുപ്പത്തിയഞ്ചോളം യാത്രക്കാരുള്ളതായാണ് വിവരം. മൂന്ന് പേരെ രക്ഷപെടുത്തി. ഇവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
മരോട്ടന്‍- കലൗള്‍ റൂട്ടില്‍ സഞ്ചരിക്കുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പൊലീസ്, അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ അതോറിറ്റി, പ്രദേശവാസികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് ഹിമാചലിന്റെ വിവധ ഭാഗങ്ങളില്‍ പെയ്യുന്നത്. സംസ്ഥാനത്ത് എല്ലാ നദികളും കരകവിഞ്ഞൊഴുകുന്ന സാഹചര്യമാണുള്ളത്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും.
















