56 വർഷത്തിലേറെയായി അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമയുടെ അവിഭാജ്യ ഘടകമാണ്. അരനൂറ്റാണ്ടിലേറെയായി ബച്ചന്റെ നിഴലായി തന്നെ കൂടെയുണ്ട് മേക്കപ്പ് ആർട്ടിസ്റ്റായ ദീപക് സാവന്ത്. ‘രാസ്‌തേ കാ പഥർ’ (Raaste Kaa Patthar – 1972) എന്ന ചിത്രത്തിൻ്റെ സെറ്റിൽ വെച്ച് കണ്ടുമുട്ടിയതു മുതൽ കഴിഞ്ഞ 53 വർഷമായി ബച്ചന്റെ കൂടെ തന്നെയുണ്ട് ദീപക്. പതിറ്റാണ്ടുകൾക്കിടയിൽ ഇവരുടെ ബന്ധം ദൃഢമാവുകയായിരുന്നു. സാവന്ത് നിർമ്മിച്ച ഗംഗോത്രി (2007), നടി ജയാ ബച്ചൻ ഒരു പ്രധാന വേഷം ചെയ്ത ഗംഗാ ദേവി (2012) എന്നിവയുൾപ്പെടെയുള്ള ഭോജ്‌പുരി ചിത്രങ്ങളിൽ ബച്ചൻ അഭിനയിക്കുകയും ചെയ്തു.
അമിതാഭ് ബച്ചനുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ചും മെഗാസ്റ്റാറിനോടുള്ള തൻ്റെ ആരാധനയെ കുറിച്ചും സാവന്ത് മനസ്സു തുറന്നു. റീൽ ടു റിയൽ (Reel to Real) യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാവന്ത്.
“അമിതാഭ് ബച്ചനൊപ്പം ആയിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ദൈവത്തിന് ശേഷം ഞാൻ അമിതാഭ് ബച്ചനിൽ വിശ്വസിക്കുന്നുവെന്നും ഞാൻ ദൈവത്തോട് പറയാറുണ്ട്. എന്നോടും എൻ്റെ കുടുംബത്തോടും അദ്ദേഹം കാണിച്ച സ്നേഹവും ബഹുമാനവും വാക്കുകൾക്കതീതമാണ്. അദ്ദേഹത്തിൻ്റെ സ്വഭാവം കാരണം, അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യാൻ എനിക്ക് എപ്പോഴും തോന്നാറുണ്ട്. അദ്ദേഹത്തിന് വേണ്ടി പോരാടേണ്ടി വന്നാൽ ഞാൻ അത് ചെയ്യും. അത് അമിതാഭ് ബച്ചനുവേണ്ടിയാണെങ്കിൽ എൻ്റെ ജീവൻ പോലും ഞാൻ കാര്യമാക്കില്ല.”
ബിഗ് ബിയുടെ തൊഴിൽ മര്യാദയെക്കുറിച്ച് സംസാരിച്ച സാവന്ത്, തൻ്റെ കാരണം കൊണ്ട് ഒരു നിർമ്മാതാവിനും നഷ്ടം സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ ബച്ചൻ എല്ലായ്പ്പോഴും ശ്രദ്ധിച്ചിരുന്നു എന്നും വെളിപ്പെടുത്തി. “അത് ഒഴിവാക്കാൻ, അദ്ദേഹം എല്ലായ്പ്പോഴും ‘കോൾ ടൈമിന്’ 30 മിനിറ്റ് മുമ്പെങ്കിലും സെറ്റിൽ എത്തും. അദ്ദേഹത്തിന് നിശ്ചിത ഷിഫ്റ്റുകളൊന്നുമില്ല. ആവശ്യമെങ്കിൽ അദ്ദേഹം തുടർച്ചയായി 16 മണിക്കൂർ ജോലി ചെയ്യും, നിർമ്മാതാക്കൾ ആവശ്യപ്പെടാതെ അദ്ദേഹം പോകില്ല. അദ്ദേഹത്തിൻ്റെ തുടക്കം മുതലുള്ള രീതി ഇതാണ്. ഇന്നും അത് തുടരുന്നു,” സാവന്ത് വിശദീകരിച്ചു.
സിനിമ ഇൻഡസ്ട്രിയിൽ അഞ്ച് പതിറ്റാണ്ടിലേറെ കാലം പിന്നിട്ടിട്ടും, ബിഗ് ബിയുടെ സമർപ്പണം ഇപ്പോഴും സമാനതകളില്ലാത്തതാണെന്ന് ദീപക് പറഞ്ഞു. “രാസ്തേ കാ പഥർ മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. ഒരു രംഗം 50-ൽ അധികം തവണ വായിക്കുന്ന അദ്ദേഹത്തിൻ്റെ ശീലം ഇപ്പോഴും അതുപോലെ തുടരുന്നു. ഓരോ ടേക്കിനും മുമ്പ് അദ്ദേഹം കുറഞ്ഞത് 10 തവണയെങ്കിലും റിഹേഴ്സൽ നോക്കും. മറ്റാരെങ്കിലും തന്നോടൊപ്പം ചേരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം ഒറ്റയ്ക്കാണ് റിഹേഴ്സൽ ചെയ്യുക. അദ്ദേഹത്തിൻ്റെ ആദ്യ ടേക്ക് എപ്പോഴും മികച്ചതായിരിക്കും. രണ്ടാമതൊരു ടേക്ക് എടുത്താൽ പോലും, ആദ്യ ടേക്ക് വേറിട്ടുനിൽക്കും.”
ബച്ചനെ പോലെ മറ്റൊരു താരത്തെയും 50 വർഷത്തിനിടെ കണ്ടിട്ടില്ലെന്ന് സാവന്ത് കൂട്ടിച്ചേർത്തു. “50 വർഷത്തിനിടയിൽ, അമിതാഭ് ബച്ചനെപ്പോലെ കൃത്യനിഷ്ഠയും അച്ചടക്കവുമുള്ള മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. അക്ഷയ് കുമാർ ഒരു പരിധി വരെ കൃത്യനിഷ്ഠ പാലിക്കുന്നു, പക്ഷേ അദ്ദേഹത്തിനും നിശ്ചിത പ്രവൃത്തി സമയമുണ്ട്. അദ്ദേഹം ഒരു നിശ്ചിത സമയത്ത് വരികയും ഒരു നിശ്ചിത സമയത്ത് പോകുകയും ചെയ്യും. എന്നാൽ അമിതാഭ് ബച്ചന് തുടർച്ചയായി 16 മണിക്കൂർ ജോലി ചെയ്യാനും അടുത്ത ദിവസം രാവിലെ കൃത്യസമയത്ത് സെറ്റിൽ തിരിച്ചെത്താനും കഴിയും. നിർമ്മാതാവ് പായ്ക്ക് അപ്പ് പറയുന്നത് വരെ അദ്ദേഹം പോകില്ല.”
















