ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പൊലീസിനും റെയിൽവേക്കും നിർദേശം നൽകി. കമ്മീഷൻ അംഗം വി. ഗീതയാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തൃശൂർ സിറ്റി പൊലീസ് കമ്മീഷണരോടും സതേൺ റെയിൽവേ ഡിവിഷണൽ മാനേജരോടുമാണ് റിപ്പോർട്ട് തേടിയിട്ടുള്ളത്. തിങ്കളാഴ്ച പുലർച്ചയാണ് ആംബുലൻസ് കിട്ടാതെ അരമണിക്കൂറോളം മുളങ്കുന്നത്തുകാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ ചാലക്കുടി സ്വദേശിയായ ശ്രീജിത്തിന് കിടക്കേണ്ടിവന്നത്.
പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശ്രീജിത്ത് മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ശ്രീജിത്ത് മരിച്ചത്. മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടും ആംബുലൻസ് കിട്ടാതെ 25 മിനിറ്റോളം പ്ലാറ്റ്ഫോമിൽ കിടന്നു എന്നാണ് ആക്ഷേപം.
അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവെ പൊലീസ് അറിയിച്ചിരുന്നു. . തൃശൂർ റെയിൽവെ പൊലീസിന് റെയിൽവേ എസ്പി ഷഹിൻഷാ വിശദമായ അന്വേഷണത്തിന് നിർദേശം നൽകി . ശ്രീജിത്തിന്‍റെ സഹയാത്രികരുടെയും ടിടിഇമാരുടെയും സ്റ്റേഷൻ മാസ്റ്ററുടെയും മൊഴിയെടുക്കും .
















