മലയാള സിനിമയിൽ ഒരു വിധവയുടെ പ്രണയത്തെ എത്ര മോശമായി അവതരിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച ചിത്രമായി ‘ഹൃദയപൂർവ്വം’ എന്ന സിനിമയെ വിലയിരുത്താവുന്നതാണ്. ചിത്രത്തിലെ ദേവിക എന്ന കഥാപാത്രം (സംഗീത), ഭർത്താവിന്റെ ലോകത്ത് മകൾക്ക് മാത്രം സ്ഥാനമുണ്ടായിരുന്ന, ‘താന് ഒരിക്കലും ഉണ്ടായിരുന്നില്ല’ എന്ന ഭീകരമായ ഏകാന്തത അനുഭവിച്ച വ്യക്തിയാണ്. ഭർത്താവിൻ്റെ മരണശേഷം, മോഹൻലാൽ അവതരിപ്പിച്ച സന്ദീപ് ബാലകൃഷ്ണൻ എന്ന സെൻസിബിളും എമ്പതറ്റിക്കുമായ നായകനോട് ദേവികക്ക് തോന്നുന്ന ഇഷ്ടം, മനുഷ്യൻ്റെ അടിസ്ഥാന ആവശ്യമായ പരിഗണന അയാൾ നൽകുന്നു എന്നതിനാലാണ്. ഈ വികാരത്തിന് വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ പോലും, സിനിമയുടെ അവതരണത്തിൽ ആ പ്രണയം ഒരു ഹാസ്യവിഷയമായി മാറുന്നു.
ദേവികയുടെ മകളായ ഹരിതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സന്ദീപിന് സെൻസിബിളായി പെരുമാറാൻ കഴിയുന്നുണ്ട്. എന്നാൽ, നായകന്റെ വീക്ഷണകോണിൽ ദേവികയുടെ പ്രണയം വരുമ്പോഴെല്ലാം അത് കോമഡി ട്രാക്കിലേക്ക് വഴിമാറുന്നു. നടൻ്റെ ഭാവങ്ങൾ, സഹനടൻമാരുടെ പ്രതികരണങ്ങൾ, പശ്ചാത്തലസംഗീതം എന്നിവയെല്ലാം ചേർന്ന് ഈ പ്രണയത്തെ തമാശയാക്കി മാറ്റുന്നു. ഹരിതയുടെ വൈകാരിക അടുപ്പങ്ങളെ സിനിമ എത്രത്തോളം ഗൗരവത്തിൽ സമീപിക്കുന്നുവോ, അത്രത്തോളം ഗൗരവത്തോടെ കാണേണ്ട ഒന്നാണ് ദേവിക അനുഭവിച്ച ഒറ്റപ്പെടലും അതിൽ നിന്നും ഉടലെടുത്ത അവരുടെ പ്രണയവും.
സിനിമയുടെ ക്ലൈമാക്സിൽ, ദേവികയുടെ പ്രണയം നിരാകരിച്ചുകൊണ്ട് സന്ദീപ് പറയുന്ന ഡയലോഗ് ഇപ്രകാരമാണ്: “എൻ്റെ മനസ്സിൽ നന്ദിയും സ്നേഹവും മാത്രമേയൊള്ളൂ… മറ്റൊന്നും ഞാൻ വിചാരിച്ചിട്ടില്ല.” ഈ സംഭാഷണ വേളയിലെ സന്ദീപിന്റെ ബോഡി ലാംഗ്വേജിലും വോയ്സ് മോഡുലേഷനിലും ദേവികയെ ഒഴിവാക്കാനുള്ള തിടുക്കം മാത്രമാണ് പ്രേക്ഷകന് അനുഭവപ്പെടുന്നത്. ഇതിനുശേഷം ദേവികയുടെ പ്രതികരണമോ വികാരങ്ങളോ സിനിമ കാണിക്കുന്നില്ല. സംവിധായകൻ ദേവികയുടെ വികാരങ്ങളെ തന്ത്രപൂർവ്വം ബഹിഷ്കരിക്കുകയായിരുന്നു.
നായകൻ്റെ ‘സെൻസിബിൾ’ ലോകത്ത്, ഹരിതയുടെ വികാരങ്ങളെല്ലാം വിശുദ്ധമാകുമ്പോൾ, ദേവികയുടെ ‘വിധവയുടെ പ്രണയം’ അവരുടെ പ്രായം, ഭൂതകാലം, ഒരു മകളുടെ അമ്മ എന്നീ ഘടകങ്ങൾ വെച്ച് ഹാസ്യവൽക്കരിക്കപ്പെടുകയും അസാധുവായി തള്ളപ്പെടുകയും ചെയ്യുന്നു. മെൻ്റൽ ഹോസ്പിറ്റൽ രംഗങ്ങളിലെ കോമഡി, ബോഡി ഷെയ്മിംഗ്, പുരുഷന്മാരുടെ കരച്ചിലിനെ വില കുറച്ചു കാണിക്കുന്ന സീനുകൾ എന്നിവയെപ്പോലെ, ഈ സിനിമയിൽ ദേവികയുടെ പ്രണയവും തമാശക്ക് വേണ്ടിയുള്ള ഒരുപാധിയായി ഉപയോഗിക്കപ്പെട്ടു. അതിനാൽ, ഒരു വിധവയുടെ ഹൃദയത്തെയും ഏകാന്തതയെയും തമാശയാക്കി മാറ്റിയതിലൂടെ, ‘ഹൃദയപൂർവ്വം’ ഒരു വിധവയുടെ കഥാപാത്രത്തെ ഏറ്റവും മോശമായി ചിത്രീകരിച്ച സിനിമയായി മാറുന്നു.
















