തെന്നിന്ത്യൻ സൂപ്പർ താരം രവി മോഹൻ നായകനാകുന്ന ‘ജീനി’ സിനിമയിലെ ‘അബ്ദി അബ്ദി’ എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസായതോടെ സോഷ്യൽ മീഡിയയിൽ പുതിയൊരു ചർച്ചയ്ക്ക് തിരിതെളിഞ്ഞിരിക്കുകയാണ്. ഗാനരംഗത്തിലെ കല്യാണി പ്രിയദർശന്റെയും കൃതി ഷെട്ടിയുടെയും ഗ്ലാമറസ് ഡാൻസാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. അറബിക് സ്റ്റൈലിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ, നൃത്തത്തിൽ ആരാണ് കൂടുതൽ തിളങ്ങിയതെന്ന വിഷയത്തിൽ കല്യാണി-കൃതി ആരാധകർ തമ്മിൽ വാദപ്രതിവാദങ്ങൾ സജീവമായി. രവി മോഹനൊപ്പമുള്ള ഇരു നടിമാരുടെയും പ്രകടനത്തെ താരതമ്യം ചെയ്താണ് പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പുറത്തിറങ്ങിയ ഈ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.
ഇരുവരുടെയും പ്രായം എടുത്തുപറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്. 22കാരിയ്ക്ക് മുന്നില്‍ 32കാരിയ്ക്ക് പിടിച്ചുനില്‍ക്കാനായോ എന്നാണ് സോഷ്യല്‍ ലോകത്തിന്‍റെ ചോദ്യം. 22കാരിയായ കൃതി ഷെട്ടി ഡാന്‍സില്‍ പണ്ടേ തന്‍റെ കഴിവുതെളിയിച്ച വ്യക്തിയാണ്. എന്നാല്‍ 32കാരി കല്യാണി ആദ്യമായാണ് ഇത്തരമൊരു ഫാസ്റ്റ് നമ്പര്‍ ഡാന്‍സുമായി എത്തുന്നത്. ഇരുവരുടെയും നൃത്തം താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ ലോകം. നൃത്തത്തില്‍ മുന്നില്‍ കൃതി തന്നെയാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. കല്യാണി കഴിയുന്നത്ര ശ്രമിച്ചിട്ടും കൃതിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ലെന്നും കമന്‍റുകളുണ്ട്.
‘ഭാവങ്ങള്‍ കല്യാണിയേക്കാള്‍ നന്നായി അവതരിപ്പിക്കുന്നത് കൃതിയാണെന്നും’ ചിലര്‍ പറഞ്ഞു. ‘കല്യാണി ഗ്ലാമര്‍ വേഷം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇത്തരമൊരു മേക്കോവര്‍ വേണ്ടായിരുന്നുവെന്നും’ എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്. ‘ലോക വിജയിച്ചു നിൽക്കുമ്പോൾ ഇത്തരമൊരു വേഷത്തിന് തല വയ്ക്കേണ്ടായിരുന്നു’, ‘ശരീരപ്രദർശനം വേണ്ടായിരുന്നു’, ‘ആക്ഷൻ ഹീറോയായി കത്തി നിൽക്കുമ്പോൾ ഗ്ലാമർ വേഷം വേണമായിരുന്നോ’ എന്നിങ്ങനെ പോകുന്നു കല്യാണിക്ക് എതിരായ വിമർശനങ്ങൾ.
എന്നാൽ ആദ്യമായി ഡാൻസ് ചെയ്യുന്ന ഒരാൾ എന്ന നിലയിൽ കല്യാണി നന്നായി തന്നെ ചെയ്തിട്ടുണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. കല്യാണിയുടെ കോണ്‍ഫിഡന്‍സിനെയും കഠിനപ്രയത്നത്തിനെയും അഭിനന്ദിക്കുന്നവരും നിരവധിയാണ്. എല്ലാമേഖലകളിലും വിജയക്കൊടി പാറിക്കാന്‍ കഴിവുളള താരമാണ് കല്യാണിയെന്നും ആരാധകര്‍ പറയുന്നു.
അതേസമയം ‘അബ്ദി അബ്ദി’ എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.ആർ.റഹ്മാനാണ്. മഷൂക്ക് റഹ്മാന്റെ വരികൾ ആലപിച്ചിരിക്കുന്നത് മെയ്സ കാര, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ്. ഗാനത്തിലെ റാപ് ഭാഗം ആലപിച്ചിരിക്കുന്നത് ഫ്രീക്കാണ്.
















