ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നായ രാജ്യാന്തര പുസ്തകമേളയ്ക്ക് ഒരുങ്ങി ഷാർജ. 44-ാം മത് പുസ്തകമേളയിൽ 18 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരും പ്രദർശകരും പങ്കെടുക്കും. സാഹിത്യം, സംസ്കാരം, വിജ്ഞാനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 66 രാജ്യങ്ങളിൽ നിന്നുള്ള 251 അതിഥികളാണ് ഇത്തവണ ഷാർജയിൽ എത്തുക.
ഇന്ത്യയിൽ നിന്ന് കവി കെ. സച്ചിദാനന്ദൻ, എഴുത്തുകാരനും ഇപ്രാവശ്യത്തെ വയലാർ അവാർഡ് ജേതാവുമായ ഇ.സന്തോഷ് കുമാർ, ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർ പ്രാജക്ത കോലി എന്നിവരും പങ്കെടുക്കും. കൂടുതൽ ഇന്ത്യൻ എഴുത്തുകാരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി വ്യക്തമാക്കി. നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിലാണ് മേള നടക്കുക.
‘നിങ്ങൾക്കും പുസ്തകത്തിനുമിടയിൽ ‘ എന്ന പ്രമേയത്തിൽ ഊന്നിയാണ് ഇത്തവണത്തെ മേള അരങ്ങേറുക. കൂടാതെ 1,200-ൽ അധികം പരിപാടികൾ പുസ്തകമേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കും. ഗ്രീസിനെയാണ് ഇപ്രാവശ്യത്തെ പുസ്തകമേളയുടെ ബഹുമാനിത രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.
STORY HIGHLIGHT: 44th sharjah international book fair
















