അഭിഷേക് ഗുപ്ത എന്ന വ്യവസായിയുടെ കൊലപാതക കേസിൽ ഹിന്ദു മഹാസഭ ദേശീയ ജനറൽ സെക്രട്ടറി പൂജാ ശകുൻ പാണ്ഡെ അറസ്റ്റിൽ. 2019ൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിവധം പുനഃസൃഷ്ടിച്ച് വിവാദനായികയായ ഹിന്ദുത്വ നേതാവാണ് പൂജാ ശകുൻ പാണ്ഡെ.
കൊലക്കേസിൽ ഒളിവിലായിരുന്ന പൂജയെ രാജസ്ഥാനിലെ ഭരത്പൂരിൽ വച്ചാണ് പിടികൂടിയത്. കേസിൽ പൂജയുടെ ഭർത്താവ് അശോക് പാണ്ഡെയെയും വാടക കൊലയാളിയെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. സെപ്റ്റംബർ 23 ന് അലിഗഡിൽ വച്ചാണ് അഭിഷേക് ഗുപ്ത കൊല്ലപ്പെട്ടത്.
കൊലപാതകം സാമ്പത്തിക തർക്കത്തെ തുടർന്നാണെന്ന് പൊലീസ് പറയുമ്പോൾ, പൂജയ്ക്ക് അഭിഷേകുമായി അടുപ്പമുണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അഭിഷേക് ഗുപ്തയെ കൊല്ലാൻ പൂജയും ഭർത്താവും വാടകക്കൊലയാളിയെ നിയോഗിക്കുകയായിരുന്നെന്നാണു കേസ്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജയിലിലടച്ചു.
















