ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ സിനിമാ രംഗത്തെ തന്റെ 25 വർഷത്തെ കരിയറിൽ ആദ്യമായി മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടിയത് വികാരനിർഭരമായ നിമിഷങ്ങൾക്ക് വഴിവച്ചു. ‘ഐ വാണ്ട് ടു ടോക്ക്’ (I Want To Talk) എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അഭിഷേകിന് ഈ പുരസ്കാരം ലഭിച്ചത്.
പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വികാരധീനനായ അഭിഷേക് തന്റെ പ്രിയപ്പെട്ട ഭാര്യ ഐശ്വര്യ റായിക്കും മകൾ ആരാധ്യ ബച്ചനും നന്ദി പറയുകയും അവർക്ക് അവാർഡ് സമർപ്പിക്കുകയും ചെയ്തു.
“ഈ വർഷം ഞാൻ സിനിമയിൽ എത്തിയിട്ട് 25 വർഷം തികയുകയാണ്. ഈ പുരസ്‌കാരത്തിന് വേണ്ടി എത്ര തവണ ഞാൻ പ്രസംഗം പരിശീലിച്ചിട്ടുണ്ട് എന്ന് എനിക്കോർമ്മയില്ല. ഇത് ഒരു സ്വപ്നമായിരുന്നു. വളരെ വിനയത്തോടും സന്തോഷത്തോടും കൂടിയാണ് ഞാൻ ഇത് സ്വീകരിക്കുന്നത്. എന്റെ കുടുംബത്തിന്റെ മുന്നിൽ വെച്ച് ഇത് നേടാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്,” അഭിഷേക് പറഞ്ഞു.
ഐശ്വര്യയോടും ആരാധ്യയോടുമായി അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഐശ്വര്യ, ആരാധ്യ, എനിക്ക് സ്വപ്നങ്ങൾ പിന്തുടരാനായി പുറത്തേക്ക് പോകാൻ അനുവാദം തന്നതിന് നന്ദി. ഞാൻ ഈ അവാർഡ് നേടുമ്പോൾ, അവരുടെ ത്യാഗങ്ങളാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കാൻ ഒരു പ്രധാന കാരണം എന്ന് അവർ തിരിച്ചറിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. വളരെ സ്പെഷ്യൽ ആയ രണ്ട് പേർക്ക് ഞാൻ ഈ അവാർഡ് സമർപ്പിക്കുകയാണ്. ഈ സിനിമ ഒരു അച്ഛനും മകളെയും കുറിച്ചുള്ളതാണ്, അതുകൊണ്ട് എന്റെ ഹീറോ ആയ അച്ഛനും, എന്റെ മറ്റൊരു ഹീറോ ആയ മകൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു.”
അഭിഷേകിന്റെ ഈ പ്രസംഗത്തിന് പിന്നാലെ, ഐശ്വര്യ റായ് ബച്ചൻ തൻ്റെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. എന്നിരുന്നാലും, ഭർത്താവിൻ്റെ അവാർഡ് നേട്ടത്തെക്കുറിച്ചായിരുന്നില്ല ഐശ്വര്യയുടെ പോസ്റ്റ്. പാരീസ് ഫാഷൻ വീക്കിൽ ലോറിയലിനു വേണ്ടി റാംപിൽ നടന്നതിൻ്റെ ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവെച്ചത്. കറുത്ത ഷെർവാണി ശൈലിയിലുള്ള വേഷത്തിലുള്ള ചിത്രങ്ങൾക്ക് അടിക്കുറിപ്പായി ഐശ്വര്യ ഇമോജികൾ മാത്രമാണ് നൽകിയത്.
















