മിതമായ അളവിലുള്ള മദ്യപാനവും മസ്തിഷ്‌കാരോഗ്യത്തിന് ഹാനികരമാണെന്ന് പുതിയൊരു അന്താരാഷ്ട്ര പഠനം . “മിതത്വം സുരക്ഷിതമാണ്” എന്ന പഴയ ധാരണയെ പൂർണ്ണമായി തള്ളിക്കളയുന്ന തരത്തിലാണ് ഈ കണ്ടെത്തൽ.
ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ, ഒരൊറ്റ ഗ്ലാസ് മദ്യം പോലും ദീർഘകാലത്തേക്ക് മസ്തിഷ്‌ക പ്രവർത്തനത്തെ ബാധിക്കാമെന്നും ഡിമെൻഷ്യ (മറവിരോഗം) സാധ്യത വർദ്ധിപ്പിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ പഠനഫലം BMJ Evidence-Based Medicine എന്ന ശാസ്ത്രജേണലിലാണ് പ്രസിദ്ധീകരിച്ചത്.
ഗവേഷകർ ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിലായി ലക്ഷക്കണക്കിന് പേരെ ഉൾപ്പെടുത്തി നടത്തിയ ജനിതക അടിസ്ഥാന പഠനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. ആഴ്ചയിൽ വെറും 1 മുതൽ 3 പാനീയങ്ങൾ വരെ ഉപയോഗിക്കുന്നവരിലും ഡിമെൻഷ്യയുടെ സാധ്യത 15 ശതമാനം വരെ ഉയരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
“മദ്യപാനത്തിന് ഒരു സുരക്ഷിത പരിധിയില്ല. ഏതൊരളവിലുള്ള മദ്യവും മസ്തിഷ്‌കാരോഗ്യത്തിന് ഹാനികരമാണ്,”
— ഗവേഷണസംഘം .
മദ്യത്തിന്റെ ദീർഘകാല ഉപയോഗം കരളിനെയും നാഡീവ്യൂഹത്തെയും തകർപ്പിക്കാമെന്നും, ഓർമ്മശക്തിയും ശ്രദ്ധയും കുറയ്ക്കുന്ന മാറ്റങ്ങൾ ഉണ്ടാക്കാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
ആരോഗ്യവിദഗ്ധർ പറയുന്നു — ഈ കണ്ടെത്തൽ മദ്യപാനത്തെപ്പറ്റിയുള്ള സാമൂഹ്യധാരണകളെയും, ‘മിതത്വം സുരക്ഷിതം’ എന്ന ആശയത്തെയും പുതുക്കി ചിന്തിക്കേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന്.
















