അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന കരാർ പാളുന്നു. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നും പിന്മാറുന്നതിന് പിന്നാലെ ഹമാസിനെ നിരായുധീകരിക്കുമെന്നും ഗാസയുടെ നിയന്ത്രണം അന്താരാഷ്ട്ര സമിതി ഏറ്റെടുക്കും എന്നുമായിരുന്നു ട്രംപിന്റെ നിർദ്ദേശം. എന്നാൽ, ഗാസയുടെ നിയന്ത്രണം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് ഹമാസ്. ഇസ്രയേൽ സൈന്യം പിന്മാറിയതിന് പിന്നാലെ ഗാസയിൽ തങ്ങളുടെ നിയന്ത്രണം ഉറപ്പാക്കാനുള്ള നടപടികളാണ് ഹമാസ് സ്വീകരിക്കുന്നത്.
ഗാസയിൽ സുരക്ഷാ നിയന്ത്രണം തുടരുമെന്ന് പോളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് നസൽ പറഞ്ഞു. ഹമാസിനെ നിരായുധീകരിക്കുന്നതിൽ പ്രതിബദ്ധതയില്ലെന്നും നസൽ വ്യക്തമാക്കി. ഗാസയുടെ പുനർ നിർമാണത്തിനായി അഞ്ചു വർഷത്തേക്ക് വെടിനിർത്തലിന് ഹമാസ് തയ്യാറാണെന്നും നസൽ പറഞ്ഞു. ഗാസയിൽ പരസ്യമായി വധശിക്ഷ നടപ്പാക്കിയ ഹമാസിന്റെ നടപടിയെയും നസൽ ന്യായീകരിച്ചു. യുദ്ധസമയത്ത് എല്ലായ്പ്പോഴും അസാധാരണമായ നടപടികൾ ഉണ്ടായിരുന്നതായും വധിക്കപ്പെട്ടവർ കൊലക്കുറ്റം ചെയ്തവരാണെന്നുമാണ് പോളിറ്റ് ബ്യൂറോ അംഗത്തിന്റെ നിലപാട്.
ട്രംപിൻറെ ഗാസ സമാധാന പദ്ധതി പ്രകാരം, ഹമാസ് ഉടൻ ബന്ദികളെ വിട്ടയക്കുകയും തുടർന്ന് നിരായുധീകരണം അംഗീകരിക്കുകയും വേണം. രാജ്യാന്തര ട്രാൻസിഷണൽ ബോഡിയുടെ മേൽനോട്ടത്തിലുള്ള സാങ്കേതിക സമിതിക്ക് ഗാസയുടെ ഭരണം കൈമാറണം എന്നാണ് ട്രംപിൻറെ പദ്ധതി. എന്നാൽ, ഇക്കാര്യങ്ങളിൽ ഹമാസ് സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കുമോ എന്ന് ചോദ്യത്തിന് അതെ എന്നോ ഇല്ല എന്നോ മറുപടി നൽകാൻ സാധിക്കില്ലെന്നും നസൽ പറഞ്ഞു. സത്യം പറഞ്ഞാൽ, അത് പദ്ധതിയുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. നിരായുധീകരണ പദ്ധതി കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ആർക്കാണ് ആയുധങ്ങൾ കൈമാറേണ്ടതെന്നും നസൽ ചോദിച്ചു. ആയുധങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങൾ അടുത്തഘട്ടത്തിലാണ് ചർച്ചയായുക. ഇക്കാര്യം ഹമാസിനെ മാത്രമല്ല, മറ്റ് സായുധ പലസ്തീൻ ഗ്രൂപ്പുകളെയും ബാധിക്കുന്നതാണ്. ഇക്കാര്യത്തിൽ പലസ്തീനികൾ ഒരു പൊതുനിലപാടിൽ എത്തേണ്ടതുണ്ടെന്നും ഹമാസ് വ്യക്തമാക്കി.
ബന്ദികളുടെ മൃതദേഹം സൂക്ഷിക്കുന്നതിൽ ഹമാസിന് താൽപര്യമില്ലെന്നും നസൽ പറഞ്ഞു. 28 ബന്ദികളുടെ മൃതദേഹങ്ങളിൽ ഒൻപതെണ്ണം മാത്രമാണ് ഹമാസ് ഇതുവരെ കൈമാറിയത്. മൃതദേഹം കണ്ടെത്താൻ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും ആവശ്യമെങ്കിൽ തുർക്കി അല്ലെങ്കിൽ യു.എസ് പോലുള്ള അന്താരാഷ്ട്ര കക്ഷികൾ തിരയാൻ സഹായിക്കുമെന്നും ഹമാസ് വ്യക്തമാക്കി.
















