സ്വര്‍ണവില കുതിക്കുകയാണ്. വൈകാതെ ഒരു പവന്റെ വില ഒരു ലക്ഷം കടക്കും. സ്വര്‍ണവില വര്‍ധിക്കുന്നത് ഏറ്റവുമധികം ആവേശമുണ്ടാക്കിയത് വില്‍ക്കുന്നവരെയും പണയം വെയ്ക്കുന്നവരെയുമാണ്. പെട്ടെന്ന് സാമ്പത്തിക ആവശ്യം വന്നാല്‍ കൈയിലുള്ള സ്വര്‍ണം പണയം വെച്ച് പണം സ്വരൂപിക്കുവാനാണ് ആളുകള്‍ ശ്രമിക്കുന്നത്.
സാധാരണയായി സ്വര്‍ണം പണയം വെച്ചാല്‍ അത് തിരിച്ചെടുക്കാന്‍ വര്‍ഷങ്ങളോളം പരിശ്രമിക്കേണ്ടി വന്നേക്കാം. ചിലര്‍ 10 വര്‍ഷം മുമ്പൊക്കെ പണയം വെച്ചിട്ട് അതിന്റെ പലിശ അടക്കാന്‍ സാധിക്കാതെ പ്രതിസന്ധിയിലാവുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. സ്വര്‍ണപ്പണയത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പണം ലഭിക്കുമെങ്കിലും അതിനേക്കാള്‍ തുക പലിശയിനത്തില്‍ അടക്കേണ്ടി വരുമെന്നതാണ് സത്യം. എന്നാല്‍ ഒരു രൂപ പോലും പലിശ അടക്കാതെ ചിട്ടിയിലൂടെ പണം ഉറപ്പാക്കാം.
പെട്ടെന്ന് പണം ആവശ്യമായി വന്നാല്‍ അടുത്തുള്ള കെഎസ്എഫ്ഇ ശാഖയില്‍ നിന്നും ഒരു ചിട്ടിയില്‍ ചേരാം. എത്ര രൂപയാണോ ആവശ്യം അതിന് അനുസരിച്ചുള്ള ചിട്ടി തെരഞ്ഞെടുക്കണം. ചിട്ടിയില്‍ ചേര്‍ന്ന് വേഗത്തില്‍ തന്നെ ലേലത്തിലൂടെ ചിട്ടിത്തുക സ്വന്തമാക്കുക. കിട്ടുന്ന തുക ലേലത്തിന്റെ അടിസ്ഥാനത്തിലാണ്. പണം പിന്‍വലിക്കാന്‍ നിരവധി ജാമ്യ വ്യവസ്ഥയാണ് കെഎസ്എഫ്ഇ ഉറപ്പാക്കുന്നത്. അതില്‍ സ്വര്‍ണം ഒരു ജാമ്യമായി കണക്കാക്കുന്നു. ഇവിടെയാണ് സ്വര്‍ണം സുരക്ഷിതമാവുന്നത്.
എത്ര തുകയാണോ ചിട്ടിയില്‍ നിന്നും എടുത്തത് അതിന് അനുസരിച്ച് കൈവശം സ്വര്‍ണമുണ്ടെങ്കില്‍ അത് കെഎസ്എഫ്ഇയില്‍ ജാമ്യമായി നല്‍കിയാല്‍ ചിട്ടിത്തുക പിന്‍വലിക്കാം. ഇതോടെ സാമ്പത്തിക ആവശ്യം പൂര്‍ത്തിയാക്കാം. തൊട്ടടുത്ത മാസം മുതല്‍ ചിട്ടിയിലേക്ക് പ്രതിമാസ തിരിച്ചടവ് തുക നല്‍കിയാല്‍ മാത്രം മതി. അതായത് സ്വര്‍ണത്തിന് പലിശയൊന്നും അടക്കേണ്ടി വരുന്നില്ല. മാത്രമല്ല വായ്പകളില്‍ നിന്നും വ്യത്യസ്തമായി ചിട്ടികള്‍ക്ക് ഡിവിഡന്റ് ലഭിക്കുന്നു. അതിനാല്‍ ആദ്യമാസത്തിനു ശേഷം തിരിച്ചടവ് തുകയിലും കുറവുണ്ടായിരിക്കും. ചിട്ടിയുടെ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ഈ സ്വര്‍ണം സുരക്ഷിതമായി തന്നെ ലഭിക്കുന്നു.
content highlight: Gold
















