വിനോദസഞ്ചാരത്തിനിടെ ഗ്രീസിൽ നിന്ന് മോഷ്ടിച്ച പുരാവസ്തു തിരികെ നൽകി ജർമൻ സ്വദേശിനിയായ വയോധിക. 50 വർഷം മുമ്പാണ് 2,400 വർഷം പഴക്കമുള്ള പുരാവസ്തു ജർമൻ സ്വദേശിനി മോഷ്ടിച്ചത്. 1960ൽ വിനോദസഞ്ചാരവേളയിൽ ഗ്രീസിൽ നിന്ന് കടത്തിക്കൊണ്ടുപോകുകയായിരുന്നു. പുരാതന ഒളിമ്പിയയിലെ ലിയോണിഡയോണിലെ ഒരു സ്തംഭത്തിന്റെ ഭാഗമായ ചുണ്ണാമ്പുകൽ നിർമിതിയാണ് ഇവർ കടത്തി ജർമനിയിലെത്തിച്ചത്.
അടുത്തിടെ, മ്യൂൺസ്റ്റർ സർവകലാശാലയുടെ നേതൃത്വത്തിൽ ജർമനിയിൽ സൂക്ഷിച്ചിരുന്ന ഗ്രീസിലെ വിവിധ പുരാവസ്തുക്കൾ തിരികെ എത്തിച്ചിരുന്നു. ഇത് അറിഞ്ഞതോടെ, തന്റെ പക്കലുള്ള പുരാവസ്തുവും തിരികെ എത്തിക്കാൻ വയോധിക താത്പര്യം അറിയിക്കുകയായിരുന്നു.
ഇവർ മ്യൂൺസ്റ്റർ സർവകലാശാല അധികൃതരുമായി ബന്ധപ്പെട്ടതോടെയാണ് വഴി തെളിഞ്ഞത്. തുടർന്ന് ഗ്രീസിലെത്തിയ വയോധിക പുരാതന ഒളിമ്പിയ കോൺഫറൻസ് സെന്ററിൽ നടന്ന ചടങ്ങിൽ പുരാവസ്തു അധികൃതർക്ക് കൈമാറി.
സംസ്കാരത്തിനും ചരിത്രത്തിനും അതിരുകളില്ലെന്നും എന്നാൽ സഹകരണവും ഉത്തരവാദിത്തവും പരസ്പര ബഹുമാനവും ആവശ്യമാണെന്നും വയോധികയുടെ പ്രവൃത്തി തെളിയിക്കുന്നുവെന്ന് സാംസ്കാരിക സെക്രട്ടറി ജനറൽ ജോർജിയോസ് ദിഡാസ്കലോ പറഞ്ഞു. ഇത്തരം ഓരോ കൈമാറ്റവും നീതിയുടെ പുനഃസ്ഥാപനവും ആളുകൾക്കിടയിൽ സൗഹൃദത്തിന്റെ പാലം തീർക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മ്യൂൺസ്റ്റർ സർവകലാശാലയുടെ നേതൃത്വത്തിൽ ഇതടക്കം മൂന്ന് സുപ്രധാന പുരാവസ്തുക്കളാണ് ഏതാനും വർഷത്തിനിടെ ഗ്രീസിൽ തിരികെയെത്തിച്ചത്. ‘കപ്പ് ഓഫ് ലൂയിസ്’ 2019ലും തെസ്സലോനിക്കിയിൽ നിന്നുള്ള റോമൻ കാലഘട്ടത്തിലെ ഒരു മാർബിൾ പുരുഷ തല 2024ലും തിരികെയെത്തിച്ചിരുന്നു.
അനധികൃതമായി കടത്തിയെത്തിച്ചതെന്ന് കണ്ടെത്തുന്ന പുരാവസ്തുക്കൾ മടക്കി നൽകാൻ പ്രതിജ്ഞാബദ്ധരാണെന്ന് യുണിവേഴ്സിറ്റി പുരാവസ്തു മ്യൂസിയം മേധാവി ഡോ.തോർബൻ ഷ്റ്രൈഡർ പറഞ്ഞു.
ശിൽപിയായ നക്സോസിലെ ലിയോണിഡാസിന്റെ പേരിലാണ് ലിയോണിഡയോൺ അറിയപ്പെടുന്നത്. പുരാതന ഒളിമ്പിയയിൽ ആൾട്ടിസിന് പുറത്തായാണ് കെട്ടിടം സ്ഥിതിചെയ്തിരുന്നത്. വിസ്തീർണത്തിൽ പ്രദേശത്തെ വലിയ കെട്ടിടമായാണ് ലിയോണിഡയോൺ കണക്കാക്കപ്പെടുന്നത്.
















