വിള്ളലുണ്ടായതിനാൽ ഒരുവർഷമായി അടച്ചിട്ടിരുന്ന ആക്കുളം കണ്ണാടിപ്പാലം ഒടുവിൽ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുന്നു. 22-ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പാലത്തിൽ വിള്ളലുണ്ടായ പാളികൾ മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരുവർഷത്തോളം കണ്ണാടിപ്പാലം അടച്ചിട്ടിരിക്കുകയാണ്. ഈ മാസം 22ന് ഗ്ലാസ് ബ്രിഡ്ജ് തുറക്കും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗ്ലാസ് ബ്രിഡ്ജിൽ നിന്നുള്ള കാഴ്ചകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ആക്കുളം ടൂറിസ്റ്റ് വില്ലേജിന് മുകളിൽ നിന്ന് തുടങ്ങുന്ന ഗ്ലാസ് ബ്രിഡ്ജിലൂടെ നടക്കുമ്പോൾ സന്ദർശകർക്ക് താഴെ വ്യോമസേന മ്യൂസിയമടക്കമുള്ള കാഴ്ചകള് ആസ്വദിക്കാനാകും. 2023 മെയ് മാസത്തിലായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ആക്കുളം ഗ്ലാസ് ബ്രിഡ്ജ് പ്രഖ്യാപിക്കുന്നത്. നിർമാണം തുടങ്ങാനും വിവിധ അനുമതികളും വൈകിയതോടെ പണി നീണ്ടുപോകുകയായിരുന്നു. വിനോദ സഞ്ചാര വകുപ്പിന് കീഴിൽ വരുന്ന ആദ്യ ഗ്ലാസ് ബ്രിഡ്ജെന്ന പ്രത്യേകതയും ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജിനുണ്ട്. അഡ്വഞ്ചറസ് ആക്ടിവിറ്റികളും ചിൽഡ്രൻസ് പാർക്കും ഉള്ള ആക്കുളത്തേക്ക് കൂടുതൽ പേരെ ആകർശിക്കാൻ ഗ്ലാസ് ബ്രിഡ്ജിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
പാലത്തിൽ സുരക്ഷ വർധിപ്പിക്കണമെന്ന് കോഴിക്കോട് എൻഐടി സിവിൽ വിഭാഗത്തിന്റെ പഠന റിപ്പോർട്ടിനെത്തുടർന്നാണ് അറ്റകുറ്റപ്പണികളും അനുബന്ധ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചത്.
സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ടൂറിസം വകുപ്പിനു കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ കണ്ണാടിപ്പാലമാണിത്. ആക്കുളം കായലിലൂടെയുള്ള മനോഹരക്കാഴ്ചകൾ കാണാൻ കഴിയുന്ന തരത്തിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയുള്ള പാലത്തിന്റെ നിർമാണം.
70 അടി ഉയരവും 52 മീറ്റർ നീളവുമുള്ള പാലം, 1.25 കോടി ചെലവഴിച്ചാണ് നിർമിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, പാലം തുറക്കാൻ നിശ്ചയിച്ചതിനു മുൻപ് തന്നെ വിള്ളലുണ്ടായി. കൃത്രിമ മഴ, മൂടൽമഞ്ഞ്, ലൈറ്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഒരേസമയം 20 പേർക്ക് കയറാൻ പറ്റുന്ന തരത്തിലാണ് നിർമാണം.
















