ആയുസിലൊരിക്കൽ മാത്രം നടക്കുന്ന പലകാര്യങ്ങൾ ഉണ്ട്. അതിൽ തന്നെ പ്രധാനമാണ് വീട് വാങ്ങുക എന്നുള്ളത്. പണിയുക എന്നുള്ളത് ഭാരിച്ച ഉത്തരവാദിത്തമായതിനാൽ തന്നെ അമിത ചെലവാണെങ്കിലും വീട് വാങ്ങനാണ് എല്ലാവരും ഇന്ന് താത്പര്യപ്പെടുന്നത്. വീട് വാങ്ങുന്നതിന് മുമ്പ് നിയമപരമായും സാമ്പത്തികപരമായും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ പലരും ചതിക്കപ്പെടുന്നുണ്ട് എന്നുള്ളതാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെ അവ എന്തൊക്കെയാണെന്ന് നോക്കാം.
റെറ രജിസ്ട്രേഷൻ
വീട് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ അതിന് മുമ്പ് പ്രോജക്ടിന് റെറ (RERA – റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) രജിസ്ട്രേഷൻ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് നിർബന്ധമാണ്. റിയൽ എസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവ സഹായിക്കും.
നിയമപരമായ അംഗീകാരം
വീട് വാങ്ങുന്നതിന് മുമ്പ്, കെട്ടിടത്തിൻ്റെ എല്ലാ രേഖകളും നിയമപരമായി സാധുതയുള്ളതാണോ എന്ന് പരിശോധിക്കണം. ഇതിനായി ഒരു നിയമ വിദഗ്ദ്ധൻ്റെ സഹായം തേടാവുന്നതാണ്. നിർമ്മാണത്തിന് ആവശ്യമായ അംഗീകൃത ബിൽഡിംഗ് പ്ലാൻ പരിശോധിക്കുക. പാരിസ്ഥിതിക അനുമതി, ഫയർ സേഫ്റ്റി ക്ലിയറൻസ്, വസ്തുവിൻ്റെ കൈവശാവകാശം, വസ്തുവിന്മേൽ നിയമപരമായ ബാധ്യതകളോ വായ്പകളോ ഉണ്ടോ തുടങ്ങി എല്ലാ കാര്യത്തിലും വ്യക്ത ഉറപ്പാക്കണം.
ബിൽഡർ
നിർമ്മാതാവിൻ്റെ മുൻകാല റെക്കോർഡുകൾ, പൂർത്തിയാക്കിയ പ്രോജക്റ്റുകൾ തുടങ്ങിയവ പരിശോധിക്കുന്നത് വലിയ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും.
ബാങ്കുകൾ
പ്രമുഖ ബാങ്കുകൾ വായ്പ നൽകാൻ തയ്യാറാണെങ്കിൽ, പ്രോജക്റ്റ് രേഖകൾ നിയമപരമായി ശരിയാണെന്ന് മനസിലാക്കാം.
ചെലവ് കണക്കാക്കുക
അടിസ്ഥാന വിലയ്ക്ക് പുറമെ വരുന്ന മറ്റ് ചെലവുകൾ, അതായത്, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, ജി.എസ്.ടി, പാർക്കിംഗ് ചാർജുകൾ തുടങ്ങിയവ എല്ലാം കണക്കിലെടുത്ത് മൊത്തം തുക എത്രയാണെന്ന് ഉറപ്പുവരുത്തുക.
പേയ്മെൻ്റ് പ്ലാൻ
തിരഞ്ഞെടുക്കുന്ന പേയ്മെൻ്റ് പ്ലാൻ ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കുക. നിയമപരമായ സഹായം തേടുന്നത് ഉചിതം.
കാർപെറ്റ് ഏരിയ
റെറ നിയമപ്രകാരം കാർപെറ്റ് ഏരിയ വ്യക്തമാക്കേണ്ടതുണ്ട്.
സൈറ്റ് പരിശോധന
ബിൽഡിംഗ് പ്ലാൻ അനുസരിച്ചാണോ നിർമ്മാണം നടന്നിരിക്കുന്നത്, നിർമ്മാണത്തിൻ്റെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഉണ്ടാകാൻ നിർബന്ധമായും സൈറ്റ് നേരിട്ട് സന്ദർശിച്ച് പരിശോധിക്കുക.
ഡൗൺ പേയ്മെൻ്റ്
വീടിൻ്റെ വിലയുടെ 20% മുതൽ 30% വരെ വരുന്ന ഡൗൺ പേയ്മെൻ്റ് തുക എവിടെ നിന്ന് കണ്ടെത്തുമെന്ന് തീരുമാനിക്കുക. ഹോം ലോൺ ലഭിച്ചാൽ പോലും ഈ തുക സ്വന്തമായി കണ്ടെത്താൻ ശ്രമിക്കണം.
കൈവശാവകാശ സർട്ടിഫിക്കറ്റ്
നിർമ്മാണം പൂർത്തിയാക്കിയ പ്രോജക്റ്റുകൾക്ക് ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് (OC) ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ഈ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ, കെട്ടിടം നിയമപ്രകാരം കൈവശം വെക്കാൻ സാധിക്കില്ല.
content highlight: To buy home
















