മികവേറിയ നിറപ്പകിട്ടാൽ പ്രശസ്തമായ പുഷ്പങ്ങളാണ് സിനിയ. കൃഷി ചെയ്യാൻ വളരെ എളുപ്പമുള്ള ഈ പൂച്ചെടി ലോകമെമ്പാടും വളർത്തപ്പെടുന്നുമുണ്ട്. നമ്മുടെ നാട്ടിലും ഗാർഡനിങ്ങിൽ താൽപര്യമുള്ളവരുടെ പ്രിയപുഷ്പമാണ് സിനിയ. അമേരിക്കൻ വൻകരകളിൽ ഉദ്ഭവിച്ച് ലോകമെങ്ങും ഇന്ന് വളർത്തപ്പെടുന്ന അലങ്കാരസസ്യമാണ് സിനിയ. 12 ഇതളുകളുള്ള പുഷ്പങ്ങളാണ് ഈ ചെടികളിൽ വിരിയുന്നത്. അമേരിക്കൻ വൻകരകളിൽ കൃഷി നശിപ്പിക്കാൻ വരുന്ന കീടങ്ങളെ നശിപ്പിക്കാൻ ഹമ്മിങ്‌ബേഡ് പക്ഷികളെ ആകർഷിക്കാനുള്ള മാർഗമായും സിനിയയെ കണ്ടിരുന്നു. അതിനാൽ തന്നെ ചില ഫാമുകളിൽ ഇടവിളയായി സിനിയ കൃഷി ചെയ്തിരുന്നു. ആസ്ടെക്കുകൾ സിനിയ വളർത്തിയിരുന്നു
സിനിയ വിത്തുകൾ 2015 ഡിസംബർ മാസത്തിലാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോയത്. ശാസ്ത്രജ്ഞർ അവയ്ക്ക് വെള്ളം, വെളിച്ചം, ശരിയായ താപനില എന്നിവ നൽകി ശ്രദ്ധയോടെ പരിപാലിച്ചു. ആദ്യം ചില ചെടികൾ പൂപ്പൽ ബാധിച്ച് ഉണങ്ങി പോയെങ്കിലും അവസാനം വിത്തുകൾ മുളച്ച് മൈക്രോഗ്രാവിറ്റിയുടെ (microgravity) വെല്ലുവിളികളെ അതിജീവിച്ച് മനോഹരമായ പൂക്കളായി വളരുന്നത് അവർ സൂക്ഷ്മമായി നിരീക്ഷിച്ചു. 2016 ജനുവരി 16-ന് ISS-ൽ സിനിയ പുഷ്പങ്ങൾ വിരിഞ്ഞപ്പോൾ, അത് ഗവേഷകർക്ക് വലിയ വിജയമായി — കാരണം ഭൂമിയിൽ വളരുന്നതുപോലെ ബഹിരാകാശത്തും സസ്യങ്ങൾക്ക് വളരാൻ കഴിയുമെന്ന് ഇതിലൂടെ തെളിഞ്ഞു.
ഈ വിജയം ശാസ്ത്രജ്ഞർക്കായി ഒരു വലിയ നേട്ടമായിരുന്നു, കാരണം ഇത് ബഹിരാകാശത്തിൽ ഭക്ഷ്യസസ്യങ്ങൾ വളർത്താനുള്ള സാധ്യതകൾക്ക് വഴിതെളിച്ചു. സിനിയയുടെ വിജയം പിന്നീട് ISS-ൽ തക്കാളി വളർത്താനുള്ള പരീക്ഷണത്തെയും പ്രചോദിപ്പിച്ചു. ഇത്തരത്തിലുള്ള ശ്രമങ്ങൾ ഭാവിയിൽ ബഹിരാകാശയാത്രികർക്ക് ദൂരെ ഗ്രഹങ്ങളിലേക്കുള്ള ദീർഘയാത്രകളിൽ ഏറെ സഹായകരമായിരിക്കും എന്നതിൽ തർക്കമില്ല .
















