കൊച്ചി: യുഎസ് കേന്ദ്രമായുള്ള പ്രമുഖ ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിന്റെ 6200 കോടി രൂപയുടെ നിക്ഷേപം ഫെഡറൽ ബാങ്കിന്റെ അതിവേഗ വളർച്ചയ്ക്ക് ഏറെ സഹായമാകുമെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ വി എസ് മണിയൻ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ അഞ്ച് സ്വകാര്യ ബാങ്കുകളിൽ ഒന്നാകാനുള്ള ലക്ഷ്യത്തിലാണ് ഫെഡറൽ ബാങ്ക്. മൂലധന പര്യാപ്‍തത വർധിപ്പിക്കാനും സ്വാഭാവികമായ വളർച്ചയ്ക്ക് ആക്കം കൂട്ടാനും ബ്ലാക്ക്‌സ്റ്റോണിന്റെ നിക്ഷേപം ബാങ്കിനെ സഹായിക്കും. വാറന്റ് രീതിയിൽ ഘട്ടംഘട്ടമായാണ് ബ്ലാക്ക്‌സ്റ്റോൺ നിക്ഷേപം നടത്തുക. ഇതുപ്രകാരം, ബാങ്കിന്റെ വളർച്ചാ ലക്ഷ്യങ്ങൾക്ക് അനുസൃതമായ മൂലധനം ലഭിക്കുന്നതിനൊപ്പം ഓഹരിയുടെ മൂല്യം കുറയാതെയും നിൽക്കുകയും ചെയ്യും.
ലാഭത്തോടെയുള്ള വളർച്ചയും ശക്തമായ ബാലൻസ്‌ഷീറ്റുമാണ് വർഷങ്ങളായി ഫെഡറൽ ബാങ്കിനുള്ളത്. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ കാസ (കറന്റ് അക്കൗണ്ട് – സേവിങ്സ് അക്കൗണ്ട്) അനുപാതം 31 ശതമാനമായി ഉയർന്നു. ബാങ്കിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നാണ് കാസ അനുപാതത്തിലെ വളർച്ച സൂചിപ്പിക്കുന്നത്. ആകെ നിക്ഷേപം 7.3 ശതമാനം വാർഷിക വളർച്ച നേടി 2.9 ലക്ഷം കോടി രൂപയിലെത്തി. മൊത്തം നിഷ്ക്രിയ ആസ്തി, അറ്റ നിഷ്ക്രിയ ആസ്തി എന്നിവ യഥാക്രമം 1.83 ശതമാനം, 0.48 ശതമാനം ആയി കുറഞ്ഞതും ബാങ്കിന് നേട്ടമായി.
തുടർച്ചയായ സാമ്പത്തിക വർഷങ്ങളിൽ ബാങ്ക് നടത്തുന്ന ശക്തമായ ബിസിനസ് പ്രകടനവും ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ വളർച്ചാ സാധ്യതകളും കണക്കിലെടുത്താണ് 6200 കോടി രൂപയുടെ നിക്ഷേപം നടത്തിയതെന്ന് ബ്ലാക്ക്‌സ്റ്റോണിന്റെ ഇന്ത്യയിലെ സീനിയർ എംഡി മുകേഷ് മേത്ത അഭിപ്രായപ്പെട്ടു. ഫെഡറൽ ബാങ്കിന്റെ ശക്തമായ പ്രവർത്തന പാരമ്പര്യത്തിലും വളർച്ചാ സാധ്യതകളിലുമുള്ള വിശ്വാസമാണ് നിക്ഷേപത്തിന് അടിസ്ഥാനമായതെന്നും ബാങ്കിനെ രാജ്യത്തെ ഒന്നാംനിര സ്വകാര്യ ബാങ്ക് ആക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
















