അവധി അനുവദിക്കണമെങ്കില്‍ പീരീഡ്സ് ആണെന്ന് തെളിയിക്കാന്‍ പാഡിന്‍റെ ചിത്രം അയക്കണമെന്ന് ആവശ്യപ്പെട്ട സൂപ്പര്‍വൈസര്‍ക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം. ഹരിയാനയിലെ റോഹ്തക്കിലുള്ള മഹര്‍ഷി ദയാനന്ദ് യൂണിവേഴ്സിറ്റിയിലെ ശുചീകരണ തൊഴിലാളികളാണ് സൂപ്പര്‍വൈസര്‍ക്കെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് പ്രതിഷേധത്തിന് ആസ്പദമായ സംഭവം നടന്നത്. ഹരിയാന ഗവര്‍ണര്‍ ആഷിം കുമാര്‍ ഘോഷിന്‍റെ സര്‍വകലാശാല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എല്ലാ ശുചീകരണ തൊഴിലാളികളോടും ജോലിക്കെത്താന്‍ ആവശ്യപ്പെട്ടിരുന്നു.
വീക്ക് ഓഫ് ഉള്ളവരാണെങ്കിലും ജോലിക്കെത്തണമെന്നതായിരുന്നു സൂപ്പര്‍വൈസറുടെ നിര്‍ദേശം. തൊഴിലാളികളില്‍ മൂന്നുപേര്‍ ആര്‍ത്തവാവധി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവധി നല്‍കണമെങ്കില്‍ പാഡിന്‍റെ ചിത്രം അയക്കണമെന്നായിരുന്നു സൂപ്പര്‍വൈസറുടെ ആവശ്യം.
ഇത് തന്‍റെ തീരുമാനമല്ലെന്നും ഉന്നതരുടെ നിര്‍ദേശമാണെന്നും സൂപ്പര്‍വൈസര്‍ പറഞ്ഞു. ഒടുവില്‍ മറ്റു വഴികളില്ലാതെ ഈ മൂന്നുപേരും അവധി കിട്ടാനായി പാഡിന്‍റെ ചിത്രമെടുത്ത് സൂപ്പര്‍വൈസറുടെ വാട്സാപ്പില്‍ അയച്ചു.
ചിത്രമയച്ചിട്ടും തങ്ങള്‍ക്ക് അവധി അനുവദിച്ചില്ലെന്നും പിന്നീട് ഇവര്‍ പരാതിപ്പെട്ടു. മൂന്നുപേര്‍ക്കും കൂടി ഒരുമിച്ചെങ്ങനെ പിരീഡ്സ് വന്നുവെന്നതായിരുന്നു സൂപ്പര്‍വൈസറുടെ ചോദ്യം.
ഇയാളുടെ നടപടിക്കെതിരെ ക്യാംപസിനുള്ളില്‍ പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം വിദ്യാര്‍ഥി സംഘടനകളും സര്‍വകലാശാലാ ജീവനക്കാരും ചേര്‍ന്നു.
തുടര്‍ന്ന് രണ്ട് സൂപ്പര്‍വൈസര്‍മാരെ സര്‍വകലാശാലാ ഭരണസമിതി അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇതിനു പിന്നാലെ പരാതിക്കാരായ മൂന്നു സ്ത്രീകളും റോഹ്തക് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.
















