സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് തുറക്കില്ല. ഉപാധികളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയാലെ തുറക്കൂ എന്നാണ് കമ്പനി നിലവില്‍ പറയുന്നത്.
അതേസമയം ഇന്ന് ഡയറക്ടര്‍മാരുടെ യോഗം ചേരും. സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടെന്ന് ഫ്രഷ്‌കട്ട് ജനറല്‍ മാനേജര്‍ യൂജിന്‍ ജോണ്‍സണ്‍ പറഞ്ഞു. കൂടുതല്‍ പൊലീസ് സുരക്ഷ ആവശ്യപ്പെടുമെന്നും യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് കര്‍ശന ഉപാധികളോടെയാണ് ഇന്ന് വീണ്ടും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടേ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറച്ചടക്കം ഏഴിന ഉപാധികളാണ് കലക്ടര്‍ മുന്നോട്ട് വെച്ചത്.
അതേസമയം, സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച സമരം ഇന്ന് മുതല്‍ വീണ്ടും തുടങ്ങുമെന്ന് സമര സമിതി വ്യക്തമാക്കിയിരുന്നു.പ്ലാന്റ് അടച്ച് പൂട്ടുന്നത് വരെ സമരം നടത്താനായിരുന്നു സമരസമിതിയുടെ തീരുമാനം.
















