തിരുവനന്തപുരം: അടുത്ത മാസം 3600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഒരു മാസത്തെ കുടിശ്ശികയും പുതുക്കിയ ക്ഷേമ പെൻഷനും ചേർത്താകും നവംബറിൽ വിതരണം ചെയ്യുകയെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഇതിനായി 1864 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്തമാസം ഒരു മാസത്തെ കുടിശ്ശിക തുക കൂടി വിതരണം ചെയ്യുന്നതോടെ ക്ഷേമ പെൻഷൻ കുടിശിക പൂർണമായും ഇല്ലാതാകും.
നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശ്ശികയിലെ അവസാന ഗഡുവും ലഭിക്കുന്നത്.
വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുകുകയാണെന്നും ധന മന്ത്രി വ്യക്തമാക്കി.
















