ദൈനംദിന ജീവിതത്തിലെ ഒരു ശീലം, ജോലിയിടവേളകളിലെ ഉന്മേഷം, മാനസിക പിരിമുറുക്കം കുറക്കാനുള്ള ഉപാധി കൂടിയാണ് പലർക്കും ചായ.
ദിവസവും പാൽച്ചായ കുടിക്കുന്നത് നിങ്ങൾ കരുതുന്നതിലും അധികം ദോഷഫലങ്ങൾ ഉണ്ടാക്കുമെന്നാണ് നവി മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ ഗാസ്‌ട്രോഎൻട്രോളജിസ്റ്റ്, ഹെപ്പറ്റോളജിസ്റ്റ്, ഇന്റർവെൻഷണൽ എൻഡോസ്‌കോപ്പിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ. ദീപക് ബംഗാളെ ഒക്ടോബർ 16-ന് പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നത്.
തലവേദന, ദഹനക്കുറവ്, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇന്ത്യക്കാർ ഒരു പരിഹാരമായി കാണുന്നത് ചായയെയാണ്. എന്നാൽ ചായയിൽ കുടലിന് അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുള്ള ടാന്നിൻ (Tannin) അടങ്ങിയിട്ടുണ്ട്. വെറുംവയറ്റിൽ, കടുപ്പം കൂട്ടിയ ചായ കുടിക്കുന്നത് അസിഡിറ്റി വർദ്ധിപ്പിക്കാനും നെഞ്ചെരിച്ചിലിന് കാരണമാകാനും സാധ്യതയുണ്ടെന്നും ഡോ. ദീപക് ബംഗാളെ പറയുന്നു.
കൂടാതെ, ചായയോടൊപ്പം എരിവും എണ്ണയുമുള്ള പലഹാരങ്ങളോ ബിസ്‌ക്കറ്റുകളോ കഴിക്കുന്ന ശീലം ഈ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ചായ ശരിയായ രീതിയിൽ എങ്ങനെ കഴിക്കാം? ഡോക്ടറുടെ നിർദ്ദേശങ്ങൾ:
- വയറിന് ആശ്വാസം നൽകാൻ ഇഞ്ചിച്ചായ തിരഞ്ഞെടുക്കുക.
- വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കുക.
- അമിതമായി പഞ്ചസാര ചേർക്കുന്നതും കടുപ്പമുള്ള ചായ കുടിക്കുന്നതും ഒഴിവാക്കണം.
content highlight: Tea
















