തിരുവനന്തപുരം: കാഞ്ഞിരംകുളം കുടുംബപ്രശ്നങ്ങളെ തുടർന്ന് കിണറ്റിൽ ചാടിയ യുവതി മരിച്ചു. രക്ഷിക്കാൻ ചാടിയ സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാസദനത്തിൽ അസീമിന്റെ ഭാര്യ അർച്ചനേന്ദ്ര (26) ആണ് മരിച്ചത്. സഹോദരൻ ഭുനനേന്ദ്ര (22)യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു ദാരുണസംഭവം.
വൈകീട്ട് കുടുംബവീട്ടിലെത്തിയ അർച്ചനേന്ദ്രയും വീട്ടുകാരുമായും വാക്കുതർക്കം ഉണ്ടായതായാണ് പോലീസിന് ലഭിച്ച പ്രാഥമികവിവരം. ഭർത്താവുമായി തർക്കമൊന്നുമില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമാക്കുന്നത്.
സംസാരത്തിനിടെ വീടിന് സമീപമുള്ള ഏകദേശം 120 അടി ആഴമുള്ള കിണറ്റിലേക്ക് അർച്ചനേന്ദ്ര ചാടുകയായിരുന്നു. ഇതുകണ്ട് സഹോദരൻ ഭുനനേന്ദ്രയും രക്ഷിക്കാനായി കൂടെ ചാടുകയായിരുന്നു.
തുടർന്ന് പൂവാർ, വിഴിഞ്ഞം അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സേനാംഗങ്ങളായ ദിനേഷ്, അനു എന്നിവർ കിണറ്റിൽ ഇറങ്ങി ഇരുവരെയും പുറത്തെടുത്തു. അർച്ചനേന്ദ്രയെ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
















