തദ്ദേശ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അർഹതയുള്ളവർക്ക് ഇന്ന് (ബുധനാഴ്ച) കൂടി അവസരം. ഒക്ടോബർ 25-ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ ഉൾപ്പെടാത്തവർക്കായി ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ നൽകാൻ സമയം അനുവദിച്ചത്. ചൊവ്വാഴ്ച വരെ 25,000-ത്തിലധികം അപേക്ഷകളാണ് കമ്മീഷന് ലഭിച്ചത്. അതേസമയം, ചൊവ്വാഴ്ച പലർക്കും കമ്മീഷന്റെ വെബ്സൈറ്റായ https://sec.kerala.gov.in-ൽ പ്രവേശിച്ച് അപേക്ഷ നൽകാൻ കഴിഞ്ഞില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ വെബ്സൈറ്റിൽ നടന്നുവരുന്നതുകൊണ്ടാണ് സെർവർ പ്രശ്നം നേരിടുന്നതെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.
അപേക്ഷകളിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ തുടർനടപടി സ്വീകരിച്ച് നവംബർ 14ന് സപ്ലിമെന്ററി പട്ടികകൾ പ്രസിദ്ധീകരിക്കും. https://sec.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുമ്പോള്‍ ഹീയറിങ്ങിനുള്ള നോട്ടീസ് ലഭിക്കും. ഇതിൽ നൽകിയ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം.
















