മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും, രണ്ടാം വിവാഹം തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി. 2008-ലെ വിവാഹ രജിസ്ട്രേഷൻ ചട്ടം ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിർണ്ണായക ഉത്തരവ്.
രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യ ഭാര്യ എതിർപ്പ് ഉന്നയിച്ചാൽ, തദ്ദേശ സ്ഥാപനങ്ങൾ വിവാഹം രജിസ്റ്റർ ചെയ്തു നൽകരുത്. എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ, വിവാഹ രജിസ്ട്രേഷന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ സിവിൽ കോടതിയെ സമീപിക്കാൻ കക്ഷികൾക്ക് നിർദ്ദേശം നൽകണം.
രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യുംമുന്‍പ് ആദ്യ ഭാര്യക്ക് പറയാനുള്ളത് കേള്‍ക്കണം. ഇക്കാര്യത്തില്‍ മതനിയമത്തിനു മുകളിലാണ് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും. 2008-ലെ വിവാഹ രജിസ്ട്രേഷന് ചട്ടത്തില്‍ രണ്ടാം വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം ബന്ധപ്പെട്ട ഓഫീസര്‍ ആരായണമെന്നുണ്ട്. ഭര്‍ത്താവിന്റെ രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യുമ്പോള്‍ ആദ്യ ഭാര്യ അനുഭവിക്കുന്ന മാനസികാവസ്ഥയെ കോടതിക്കു അവഗണിക്കാനാകില്ല.
അതിനാല്‍ വിവാഹബന്ധം നിലനില്‍ക്കേ ആദ്യ ഭാര്യയെ മറികടന്ന് രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യാനാകില്ല. ആദ്യവിവാഹം തലാഖിലൂടെ വേര്‍പെടുത്തിയതാണെങ്കില്‍ ഇത് ബാധകമാകില്ല. രണ്ടാമത് വിവാഹം കഴിക്കുമ്പോള്‍ ആദ്യ ഭാര്യയുടെ അനുമതി വേണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നില്ലെങ്കിലും അറിയിക്കണം എന്നത് എതിര്‍ക്കുന്നില്ല. ലിംഗസമത്വം സ്ത്രീയുടെ പ്രശ്നമല്ല, മാനുഷികപ്രശ്നമാണെന്നും കോടതി പറഞ്ഞു. മുസ്ലിം വ്യക്തിനിയമം ചില സാഹചര്യങ്ങളില്‍ ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യുമ്പോള്‍ ആദ്യ ഭാര്യയെ മൂകസാക്ഷിയാക്കാനാകില്ലെന്ന് കോടതി കൂട്ടിച്ചേർത്തു.
കാസർകോട് തൃക്കരിപ്പൂർ പഞ്ചായത്ത് സെക്രട്ടറി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തുനൽകാത്തതിനെ ചോദ്യം ചെയ്ത് മുസ്ലിം ദമ്പതിമാർ ഫയൽ ചെയ്ത ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
















