ആറ്റിങ്ങൽ: ബവ്റിജസ് ഗോഡൗണിലേക്കു മദ്യം കയറ്റിയെത്തിച്ച ലോറിയിൽ നിന്നു മദ്യം കവർന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് മൂന്നാമൂട് മണലയം സൗമ്യഭവനിൽ സുരേഷ് (40), തിരുനൽവേലി രാധാപുരം പണ്ണേർക്കുളം ഹൗസിൽ മണി (33) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.
സുരേഷ് മദ്യം കൊണ്ടുവന്ന മറ്റൊരു ലോറിയുടെ ഡ്രൈവറാണ്. മണി ഗോഡൗണിനടുത്തുള്ള തട്ടുകടയിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച ഉച്ചയോടെ നടന്ന പരിശോധനയിൽ മദ്യക്കുറവ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കെഎസ്ബിസിയുടെ ഇൻറേണൽ ഓഡിറ്റ് സംഘത്തിൻ്റെ പരിശോധന നടക്കുന്നതിനാൽ കഴിഞ്ഞ രണ്ടാഴ്ചയായി ലോഡ് ഇറക്കിയിരുന്നില്ല. ഇതിന്റെ ഭാഗമായി ലോഡുമായി എത്തിയ ലോറികൾ ഗോഡൗൺ പരിസരത്തും സമീപ റോഡുകളിലും പാർക്ക് ചെയ്ത നിലയിലായിരുന്നു. ഈ സമയത്താണ് പ്രതികൾ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്ന് മദ്യം കവർന്നത്.
ആകെ 33 കുപ്പി മദ്യമാണ് മോഷ്ടിച്ചത് — അതിൽ രണ്ട് കേസുകളും 9 ഒറ്റ കുപ്പികളും ഉൾപ്പെടുന്നു. ലോഡ് ഇറക്കുന്നതിനിടെ മദ്യത്തിന്റെ കുറവ് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരും ഗോഡൗൺ അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിൽ കവർച്ച സ്ഥിതീകരിച്ചു.
ഗോഡൗണിലെ എക്സൈസ് സി.ഐ എം.എസ്. മനോജിൻ്റെ നിർദേശപ്രകാരം മാനേജർ പൊലീസിൽ പരാതി നൽകി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളെ തിരിച്ചറിഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തു.
















