ബംഗളൂരുവിൽ വെള്ളിയാഴ്ച തിരുവനന്തപുരം സ്വദേശിയായ യുവാവ് താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിൽ. തിരുവനന്തപുരം എടത്തറ ആര്‍ത്തശ്ശേരി ക്ഷേത്രത്തിനു സമീപം കളഭം വീട്ടില്‍ സി.പി. വിഷ്ണു (39) ആണ് മരിച്ചത്. വിഷ്ണുവിനൊപ്പം താമസിച്ചിരുന്നവരുടെ പേരിലാണ് പോലീസ് കേസെടുത്തത്.
ബെംഗളൂരുവിലെ യെല്ലനഹള്ളിയില്‍ റേഡിയന്റ് ഷൈന്‍ അപ്പാര്‍ട്ട്മെന്റിലായിരുന്നു വിഷ്ണു താമസിച്ചിരുന്നത്. ബെംഗളൂരു ഹൊസൂര്‍ റോഡിലെ ഐകെഎസ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിഷ്ണു. ആ കമ്പനിയിൽ തന്നെ കൂടെ ജോലി ചെയുന്ന സൂര്യാ കുമാര്‍, ജ്യോതി എന്നിവരോടൊപ്പം ഫ്‌ളാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്.
വെള്ളിയാഴ്ച പുലർച്ചെയാണ് ഫ്‌ളാറ്റിലെ ശൗചാലയത്തില്‍ വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അറസ്റ്റിലായ യുവതികളിൽ ഒരാൾ തന്നെയാണ് സംഭവം ഫോണിൽ കൂടെ വിഷ്ണുവിൻറെ സഹോദരനായ ജിഷ്ണുവിനെ അറിയിച്ചത്. തുടർന്ന് ജിഷ്ണുവാണ് പോലീസിനെ വിവരം അറിയിച്ചത്. യുവതികളുടെ പീഡനം കാരണമാണ് വിഷ്ണു ജീവനൊടുക്കിയതെന്നും സഹോദരൻ പോലീസിൽ പരാതി നൽകി. യുവതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.
യുവതികളില്‍ ഒരാളുമായി വിഷ്ണുവിന് ബന്ധമുണ്ടായിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നതായും പറയുന്നു. അച്ഛന്‍: ബി. ചന്ദ്രകുമാര്‍. അമ്മ: പി. പത്മകുമാരി.
















