സിറിയയുടെ വിജയത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. സിറിയയുടെ ഇടക്കാല പ്രസിഡൻ്റ് അഹ്മദ് അശ്ശറായുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിൻ്റെ ഈ പ്രഖ്യാപനം.
1946-ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് ഒരു സിറിയൻ പ്രസിഡൻ്റ് വൈറ്റ് ഹൗസ് സന്ദർശിക്കുന്നത്. സിറിയൻ പ്രസിഡൻ്റ് അഹ്മദ് അശ്ശറായെ ട്രംപ് ‘ശക്തനായ നേതാവ്’ എന്ന് വിശേഷിപ്പിച്ചു.
അൽ ഖായിദ ബന്ധമുണ്ടായിരുന്ന അശ്ശറായെ മുൻപ് യുഎസ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. സൗദിയിൽ വെച്ച് ആറ് മാസം മുൻപാണ് ഇരുവരും ആദ്യമായി കണ്ടത്.
ആഭ്യന്തരയുദ്ധവും ഉപരോധവുംമൂലം ദുരിതത്തിലായ സിറിയയെ കരകയറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അശ്ശറായുടെ യുഎസ് സന്ദർശനം.
ട്രംപുമായുള്ള ചർച്ചയ്ക്കു പിന്നാലെ, സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ താൽക്കാലികമായി പിൻവലിച്ചത് 180 ദിവസം കൂടി നീട്ടിയതായി യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു.
ഇറാൻ പിന്തുണയുള്ള സിറിയയിലെ ബഷാർ അൽ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചതോടെയാണു യുഎസിനു നയംമാറ്റമുണ്ടായത്.
















