മേയ് 25-ന് കടലിൽ മുങ്ങിയ എം.എസ്.സി. എൽസ-3 കപ്പലിന്റേതെന്നു കരുതുന്ന കണ്ടെയ്നറിന്റെ ഭാഗം കോവളത്ത് കടലിനടിയിൽ കണ്ടെത്തി. കപ്പൽ മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ്നറിന്റെ സാന്നിധ്യം കടലിനടിയിൽ കണ്ടെത്തുന്നത്.
കോവളത്തെ ‘മുക്കം’മലയുടെ തുടർച്ചയായി കടലിന് അടിയിലുള്ള പാറപ്പാരുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിലാണിത്.
തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്, കൊച്ചിയിലെ സ്കൂബ ഡൈവേഴ്സ് എന്നിവർ ചേർന്നാണു തിരച്ചിൽ നടത്തിയത്.
കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെ തുടർന്ന് 2 ദിവസമായി നടത്തിയ തിരച്ചിലിലാണ് കണ്ടെയ്നർ ഭാഗം കണ്ടെത്തിയത്.
















