ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അന്വേഷണം ഊർജിതമാക്കി. കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിൻ്റെ ഭാഗമായി ഡൽഹി, യു.പി., ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.
ഔദ്യോഗികമായി അന്വേഷണം ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി കേസ് റജിസ്റ്റര്‍ ചെയ്യും. ഫരീദാബാദ് ഭീകരസംഘത്തിലെ അംഗമായ പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ ഉമര്‍ ഓടിച്ച കാറിലാണ് ഉഗ്രസ്ഫോടനം ഉണ്ടായത്.
ഡോ. ഉമറിന്‍റെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഉമറും ഉണ്ടെന്ന് ഉറപ്പിച്ചതോടെ ഡിഎന്‍എ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് എന്‍ഐഎ.
സംഭവത്തില്‍ ഫരീദാബാദില്‍നിന്ന് മൂന്ന് ഡോക്ടര്‍മാരടക്കം എട്ടുപേരെ മൂന്ന് ടണ്ണോളം സ്ഫോടക വസ്തുവുമായി അറസ്റ്റ് ചെയ്തതാണ് നിര്‍ണായകമായത്. ഇതോടെ, കൈവശമുണ്ടായിരുന്ന സ്ഫോടക വസ്തുവുമായി ഡോ. ഉമര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ പൊട്ടിത്തെറിച്ചിരിക്കാം എന്നതാണ് നിഗമനം. അല്ലെങ്കില്‍ അറസ്റ്റില്‍ പ്രകോപിതനായി ഇയാള്‍ മനഃപൂര്‍വം നടത്തിയ സ്ഫോടനമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, സ്ഫോടനത്തില്‍ ശാസ്ത്രീയ പരിശോധനകളും ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറി വേഗത്തിലാക്കിയിട്ടുണ്ട്. സ്ഫോടന സ്ഥലത്തുനിന്ന് രണ്ട് വെടിയുണ്ടകളും സ്ഫോടക വസ്തുവിന്‍റെ രണ്ട് സാംപിളുകളും സംഘം കണ്ടെത്തിയിട്ടുണ്ട്. അമോണിയം നൈട്രേറ്റിന്‍റേതാണ് ഒരു സാംപിള്‍ എന്നാണ് നിഗമനം. മുഴുവന്‍ സാംപിളുകളും ലാബില്‍ പരിശോധിക്കുകയാണ്.
ഈ പരിശോധനാ ഫലത്തോെട സ്ഫോടനത്തിന്‍റെ സ്വഭാവത്തില്‍ വ്യക്തത വരും. ചെങ്കോട്ട സ്ഫോടനം വിലയിരുത്താനും തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാനും സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതി ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ വൈകിട്ടാണ് യോഗം. സ്ഫോടനത്തിന് പിന്നിലെ ഭീകര ബന്ധമടക്കം യോഗം വിലയിരുത്തും.
















