ഡൽഹി സ്ഫോടനത്തിന്റെ നടുക്കത്തിലാണ് ലോകം. ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയതിന് തൊട്ടു പിന്നാലെയാണ് രാജ്യ തലസ്ഥാനത്ത് ദാരുണസംഭവം നടക്കുന്നത്. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.
ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായ അൽ–ഫലാ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ഷഹീൻ സയീദിന്റെത് വിചിത്രമായ പെരുമാറ്റമായിരുന്നെന്നു സഹപ്രവർത്തകർ പറയുന്നു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്തുൽ മൊമിനാതിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളാണ് ലക്നൗ സ്വദേശിയായ ഷഹീൻ സയീദ് എന്നാണു വിവരം.
ഫരീദാബാദിൽ വൻ തോതിൽ സ്ഫോടക വസ്തു പിടികൂടിയതിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയാണ് ഇവർ. ഇവരുടെ കാറിൽ നിന്ന് തോക്കുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഭീകരസംഘത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി 40–50 ലക്ഷം രൂപയോളം ഷഹീൻ സമാഹരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.
വാക്കുകളിങ്ങനെ…
കോളജിലെ അച്ചടക്കം പാലിക്കാൻ ഡോക്ടർ ഷഹീൻ സയീദ് തയാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളജിൽ നിന്നു പുറത്തുപോകാറുണ്ടായിരുന്നു. പലരും ഷഹീൻ സയീദിനെ കാണാനെത്താറുണ്ട്.
അവരുടെ പെരുമാറ്റം പലപ്പോഴും വിചിത്രമാണ്. അവർക്കെതിരെ മാനേജ്മെന്റിന് പരാതി വരെ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു കാര്യത്തിൽ അവർ ഉൾപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല. എൻഐഎയുടെ അന്വേഷണവുമായി പൂർണമായും സഹകരിക്കും.
















