കൊല്ലം: ദേശീയപാത വികസനപ്രവർത്തനത്തിനിടെ നടന്ന ദാരുണ അപകടത്തിൽ അതിഥി തൊഴിലാളി മരിച്ചു. കരീപ്പുഴയിലാണ് സംഭവം. ബിഹാർ സ്വദേശിയായ മുഹമ്മദ് ജിബ്രേൽ (48) ആണ് ജീവൻ നഷ്ടപ്പെട്ടത്.
തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു ദുരന്തം. പാത വികസനത്തിനായി മണ്ണ് നികത്തുന്നതിനിടെയാണ് ജിബ്രേൽ മണ്ണുമാന്തിയന്ത്രത്തിന് കീഴിൽ പെട്ടത്. അപകടത്തിൽ ഇയാളുടെ ശരീരം പലയിടത്തായി മണ്ണിനടിയിലായി. തലയും കൈകാലുകളും മണ്ണിനടിയിൽ പെട്ട നിലയിലാണ്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള പരിശ്രമം പൊലീസ്–അഗ്നിശമനസേനാ സംഘം ചേർന്ന് തുടരുകയാണ്.
പ്രദേശത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ അപകടസാധ്യത നിറഞ്ഞ സാഹചര്യത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















