Thrissur

കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്

തൃശൂർ: കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. ദേശമംഗലം സ്വദേശിയായ കനകകുമാറാണ് പ്രതി. സംഭവത്തിൽ കലാമണ്ഡലം അധികൃതർ പ്രാഥമിക അന്വേഷണം നടത്തി കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു.

വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കനകകുമാറിനെതിരായ ആരോപണം. പരാതികൾ ഉയർന്നതിനെത്തുടർന്ന് കലാമണ്ഡലം ആഭ്യന്തര അന്വേഷണം ആരംഭിച്ചു. അന്വേഷണം പൂർത്തിയാക്കിയപ്പോൾ ആരോപണങ്ങൾക്ക് പ്രാഥമികമായ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതോടെ കേസ് പോലീസിന് കൈമാറുകയായിരുന്നു.

ചെറുതുരുത്തി പോലീസ് കലാമണ്ഡലം സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.