കേരളവും അബുദാബിയും തമ്മിലുള്ള സാമ്പത്തിക വികസന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായി. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന തീരുമാനം.
സുപ്രധാന മേഖലകളിലെ തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്കു വികസിപ്പിക്കുന്നത് സംബന്ധിച്ചും കൂടുതൽ നിക്ഷേപ പദ്ധതികൾക്കു വഴി തുറക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറലും ക്രൗൺ പ്രിൻസ് ഓഫിസ് ചെയർമാനുമായ സെയ്ഫ് സഈദ് ഗൊബാഷ്, അബുദാബി മീഡിയ ഓഫിസ് അധ്യക്ഷയും ക്രൗൺ പ്രിൻസ് കോർട്ടിലെ സ്ട്രാറ്റജിക് റിലേഷൻസ് ഉപദേഷ്ടാവുമായ മറിയം ഈദ് അൽ മുഹൈരി, മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എന്നിവരും പങ്കെടുത്തു.
















