ഡൽഹിയെ നടുക്കിയ ദുരന്തത്തിന്റെ വേദനയിലാണ് രാജ്യം. അപ്രതീക്ഷിതമായെത്തിയ തീ ഗോളം മനുഷ്യ ജീവനുകളെ അപഹരിക്കുന്ന ദുരന്തം കവർന്നെടുത്തത് 9 ഓളം ആളുകളെയാണ്. ഹ്യുണ്ടായ് ഐ20 കാറിലാണ് സ്ഫോടനം നടന്നത്. വെള്ള നിറത്തിലുള്ള കാർ ചെങ്കോട്ടയ്ക്ക് സമീപം അഗ്നിയ്ക്ക് ഇരയായപ്പോൾ 11 ദിവസങ്ങൾക്ക് മുൻപ് ഇതേ കാർ ഫരീദാബാദിലെ അൽ ഫലാ മെഡിക്കൽ കോളജ് ക്യാമ്പസിൽ കണ്ടെത്തിയെന്ന വിവരമാണ് പുറത്ത് വരുന്നത്.
ചാവേറെന്ന് സംശയിക്കുന്ന ഡോ.ഉമർ നബി ഡൽഹിയിലെ സ്ഫോടനം നടന്ന 10-ാം തീയതി ഈ കാർ ഓടിച്ച് രാവിലെ പുറത്തേക്ക് പോകുന്നതായ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 10ന് വൈകുന്നേരം 6.52നാണ് രാജ്യത്തെ നടുക്കിയ ദാരുണ ദുരന്തം അരങ്ങേറിയത്. ചെങ്കോട്ടയ്ക്ക് സമീപം മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പർ ഗേറ്റിൽ പതുക്കെ നീങ്ങിയിരുന്ന കാറാണ് പെട്ടെന്ന് തീഗോളമായി മാറിയത്. ദാരുണ ദുരന്തം 9 പേരുടെ ജീവൻ കവർന്നപ്പോൾ പരിക്കു പറ്റിയത് നിരവധി ആളുകൾക്കാണ്.
ഇക്കഴിഞ്ഞ ഒക്ടോബർ 29ന് ആണ് ഡോ.ഉമർ ഈ കാർ സോനുവെന്ന ഫരീദാബാദിലെ കാർ ഡീലറിൽ നിന്നും വാങ്ങുന്നത്. അന്ന് തന്നെ മതിയായ രേഖകളും ഇയാൾ സംഘടിപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. HR 26CE7674 എന്ന നമ്പറിലുള്ള കാർ ഈ ഡീലറായ സോനുവിന്റെ ഓഫീസിനു സമീപമുള്ള പിയുസി ബൂത്തിൽ നിർത്തിയിട്ടിരിക്കുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ 10 വരെയുള്ള ദിവസങ്ങളിൽ ഈ കാറുമായി ഡോ.ഉമറിനെ പല ഇടത്തും കണ്ടതായും സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇതേസമയം തന്നെയാണ് ഫരീദാബാദിൽ കോടിക്കണക്കിന് രൂപയുടെ സ്ഫോടന വസ്തുവുമായി രണ്ട് ഡോക്ടർമാരെ പോലീസ് പിടികൂടുന്നത്. ഇതിലെ പ്രതിയായ ഡോ. മുഹമ്മദ് ഷക്കീലീന്റെ സ്വിഫ്റ്റ് ഡിസൈറിന് സമീപം ഈ കാറും പാർക്ക് ചെയ്തിരുന്നു. ഇത് ഇവർ തമ്മിലുള്ള ബന്ധത്തെയാണ് വിരൽ ചൂണ്ടുന്നത്.















