കഴിഞ്ഞ ദിവസമാണ് പ്രശസ്ത തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചത്. ആരാധകരെ ഏറെ വിഷമത്തിലാക്കിയ ഒരു വാർത്തയായിരുന്നു അത്. ‘തുളളുവതോ ഇളമൈ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരം അഭിനയുടെ അവസാന നാളുകളിലെ ചിത്രം തമിഴ് സിനിമാ പ്രവർത്തകനായ കലാധീശ്വരൻ പങ്കുവെച്ചതോടെയാണ് താരത്തിന്റെ ദുരിതമയമായ ജീവിതം വീണ്ടും ചർച്ചയാകുന്നത്. ‘തുളളുവതോ ഇളമൈ’ സിനിമയിൽ ഓടിനടന്ന ഊർജ്ജസ്വലനായ ചെറുപ്പക്കാരന്റെ അകാലത്തിലുള്ള വിയോഗം തന്നെ ഏറെ ദുഃഖിപ്പിച്ചുവെന്ന് കലാധീശ്വരൻ കുറിച്ചു. ചിത്രം കണ്ട ആരാധകർക്ക്, ഇത് ആ പഴയ ഊർജ്ജസ്വലനായ നടനാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന കമന്റുകളുമായി രംഗത്തെത്തി. “നടൻ അഭിനയിന് ഹൃദയം തൊട്ടുള്ള ആദരാഞ്ജലി. ‘തുളളുവതോ ഇളമൈ’ എന്ന ചിത്രത്തിന്റെ പിന്നിലെ ഊർജസ്വലമായ ആത്മാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഊർജസ്വലതയും അഭിനിവേശവും, മറക്കാനാവാത്ത സാന്നിധ്യവും തമിഴ് സിനിമയിലും നമ്മുടെ ഹൃദയങ്ങളിലും എന്നെന്നും ജീവിക്കും,” കലാധീശ്വരൻ അനുശോചിച്ചു.
ദേശീയ പുരസ്കാരം നേടിയ ‘ഉത്തരായനം’ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മലയാളി നടി രാധാമണിയുടെ മകനാണ് അഭിനയ്. 2019-ൽ കാൻസർ രോഗത്തെ തുടർന്നാണ് അമ്മ രാധാമണി മരണമടഞ്ഞത്. അമ്മയുടെ മരണശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന താരത്തെ ചികിത്സാ ചെലവുകളും ചേർന്ന് കൂടുതൽ ദുരിതത്തിലാക്കി. ഒരു വർഷം മുൻപ് നൽകിയ അഭിമുഖത്തിൽ, നഗരത്തിലെ സർക്കാർ മെസ്സിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും, ‘തന്റെ ജീവിതനാളുകൾ എണ്ണപ്പെട്ടിരിക്കുന്നു’ എന്നും അദ്ദേഹം വേദനയോടെ വെളിപ്പെടുത്തിയിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും ചികിത്സാ ചെലവുകളും കാരണം ദുരിതത്തിലായിരുന്ന താരത്തിന്റെ വിയോഗം തമിഴ് സിനിമാ ലോകത്തിന് വേദനയായി.
2002-ൽ ധനുഷിനൊപ്പം ‘തുളളുവതോ ഇളമൈ’ എന്ന സിനിമയിലൂടെയാണ് അഭിനയ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രത്തിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവനം’, ‘വല്ലവനക്കും പുല്ലും ആയുധം’ തുടങ്ങി പതിനഞ്ചോളം തമിഴ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. കൂടാതെ ‘ജങ്ഷൻ’, ‘സിംഗാര ചെന്നൈ’, ‘പോൺ മേഘലൈ’ എന്നീ സിനിമകളിൽ നായകനായും അദ്ദേഹം തിളങ്ങി. മലയാളത്തിൽ ‘കൈ എത്തും ദൂരത്ത്’ എന്ന ചിത്രത്തിലെ കിഷോർ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. അഭിനയത്തിനു പുറമെ ഡബ്ബിങ് രംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ‘തുപ്പാക്കി’യിൽ വിദ്യുത് ജമാലിനും ‘പയ്യ’യിൽ മിലിന്ദ് സോമനും ‘കാക്ക മുട്ടൈ’യിൽ ബാബു ആന്റണിക്കും ശബ്ദം നൽകിയത് അഭിനയ് ആയിരുന്നു.
















