കോഴിക്കോട്: തുടർച്ചയായ ആറാം തവണയും അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി നിലനിർത്തി കോഴിക്കോട് കാപ്പാട് ബീച്ച്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി ടി പി സി) പരിപാലനത്തിലുള്ള ബീച്ചിൽ നടപ്പാക്കിയ കാട്ട് ഓർക്കിഡ് പുനരധിവാസ പദ്ധതി ആഗോള തലത്തിൽ അംഗീകാരം നേടി.
2025-ലെ സതേൺ ഹെമിസ്‌ഫിയർ ബ്ലൂ ഫ്‌ളാഗ് ബെസ്റ്റ് പ്രാക്ടീസസ് മത്സരത്തിൽ ‘പരാഗണകാരികളുടെയും പ്രാണികളുടെയും നഷ്ടം തടയൽ’ വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ് കാപ്പാട് ബീച്ചിന് ലഭിച്ചത്. ഡെൻമാർക്കിൽ ആസ്ഥാനം ഉള്ള ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എഡ്യൂക്കേഷൻ (ഫീ) ആണ് പുരസ്കാരം നൽകുന്നത്.
പ്രാദേശിക ഓർക്കിഡ് ഇനങ്ങളെ പുനരുദ്ധരിക്കുകയും തേനീച്ചകൾ, ശലഭങ്ങൾ തുടങ്ങിയ പരാഗണകാരികളെയും സംരക്ഷിക്കുകയും ചെയ്യുകയാണ് കാപ്പാട് ബീച്ചിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധം, തീരമേഖലാ പരിസ്ഥിതി സംരക്ഷണം എന്നിവയെ ഒരുമിപ്പിച്ചാണ് പദ്ധതി നടപ്പാക്കിയത്.
സസ്യ വളർത്തലിലും ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിലും ശാസ്ത്രീയ രീതികൾ പ്രയോഗിച്ചതിലൂടെ ബ്ലൂ ഫ്‌ളാഗ് മാനദണ്ഡങ്ങളുമായി പൂർണ്ണമായ പൊരുത്തം പുലർത്താനായതെന്നതാണ് കാപ്പാടിന്റെ പ്രത്യേകത. ജൈവവൈവിധ്യ സംരക്ഷണവും തീരമേഖല പരിപാലനവുമായി സംയോജിപ്പിക്കുന്നതിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രതിബദ്ധതയാണിതിലൂടെ തെളിയുന്നതെന്ന് പുരസ്കാര സമിതി വിലയിരുത്തി.
കാട്ട് ഓർക്കിഡ് പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ ഫീയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വർഷം ഇന്ത്യയിൽ നിന്ന് കണ്ണൂരിലെ ചാൽ ബീച്ച് ഉൾപ്പെടെ 13 ബീച്ചുകൾക്ക് ബ്ലൂ ഫ്‌ളാഗ് പദവി ലഭിച്ചു.
















