രാജസ്ഥാൻ റോയൽസ് (RR) നായകനും മലയാളി ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ നിർണായകമായ വഴിത്തിരിവാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സഞ്ജുവിനെ വിട്ടുകൊടുക്കുന്നതിന് പകരമായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (CSK) രവീന്ദ്ര ജഡേജയുമായി ഒരു സ്വാപ്പ് ഡീൽ (കൈമാറ്റം) ചർച്ചയിലായിരുന്നു. നേരത്തേ ഈ ഡീലിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെയും ഉൾപ്പെടുത്താൻ ആലോചനയുണ്ടായിരുന്നു. രാജസ്ഥാനിലേക്ക് മടങ്ങിയെത്തിയാൽ ജഡേജയെ നായകനാക്കാനും സാധ്യതയുണ്ടായിരുന്നു.
ജഡേജയെയും സാം കറനെയും ടീമിലെടുത്ത് സഞ്ജുവിനെ വിട്ടുകൊടുക്കാൻ രാജസ്ഥാൻ റോയൽസ് തയ്യാറായിരുന്നു. ഡീലിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഈ ഡീൽ തടസ്സപ്പെട്ടിരിക്കുകയാണ്. സാം കറനെ ടീമിൽ ഉൾപ്പെടുത്താൻ രാജസ്ഥാന് സാധിക്കാത്തതാണ് ഡീൽ വഴിമുട്ടാനുള്ള പ്രധാന കാരണം. ഐപിഎൽ നിയമപ്രകാരം ഒരു ടീമിൽ പരമാവധി എട്ട് വിദേശ താരങ്ങളെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ. നിലവിൽ ജോഫ്ര ആർച്ചർ, ഷിമ്രോൺ ഹെറ്റ്മയർ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ഫസൽഹഖ് ഫറൂഖി, ക്വന മഫക്ക, നാന്ദ്രെ ബർഗർ, പ്രിട്ടോറിയസ് എന്നിവർ ഉൾപ്പെടെ എട്ട് വിദേശ താരങ്ങൾ രാജസ്ഥാൻ സ്‌ക്വാഡിലുണ്ട്.
കൂടാതെ, സാം കറനുവേണ്ടി ചെലവഴിക്കേണ്ട തുകയുടെ കാര്യത്തിലും രാജസ്ഥാന് പരിമിതികളുണ്ട്. ടീമിന് നിലവിൽ ചെലവിടാൻ കഴിയുന്നത് 30 ലക്ഷം രൂപ മാത്രമാണ്. എന്നാൽ കറന്റെ ലേലത്തുക 2.4 കോടിയാണ്. അതിനാൽ, സാം കറനെ ടീമിലെടുക്കണമെങ്കിൽ ഏതെങ്കിലും വിദേശ താരത്തെ ഒഴിവാക്കിയാൽ മാത്രമേ രാജസ്ഥാന് സാധിക്കുകയുള്ളൂ. ഇതാണ് നിർണായകമായ സ്വാപ്പ് ഡീലിന് തടസ്സമായത്.
അതേസമയം, രാജസ്ഥാൻ റോയൽസിലേക്ക് തിരിച്ചെത്തിയാൽ തന്നെ ടീമിന്റെ നായകനാക്കണം എന്ന ആവശ്യം രവീന്ദ്ര ജഡേജ മുന്നോട്ട് വെച്ചതായും റിപ്പോർട്ടുകളുണ്ട്. ഐപിഎല്ലിൽ ജഡേജയുടെ ആദ്യ ടീം കൂടിയാണ് രാജസ്ഥാൻ. 2008-ൽ രാജസ്ഥാൻ കിരീടം നേടുമ്പോൾ ജഡേജ ടീമിലുണ്ടായിരുന്നു. 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രധാന താരമായി മാറിയ അദ്ദേഹം, ടീമിന് വിലക്ക് നേരിട്ട 2016-17 സീസണുകൾ ഒഴികെ പിന്നീടങ്ങോട്ട് ചെന്നൈയുടെ കുപ്പായമാണ് അണിഞ്ഞത്.
















