ചേർത്തലയിൽ ബാറിലിരുന്ന് വെള്ളമടിച്ച വിവരം വീട്ടിൽ അറിയിച്ചതിന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച വ്യക്തിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡിൽ വാരണം ഷാൻനിവാസിൽ ഷാനെയാണ് (38) ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജി എസ്. ലക്ഷ്മി മൂന്നുവർഷം കഠിനതടവിനും 25,000 രൂപ പിഴ ഒടുക്കാനും ശിക്ഷവിധിച്ചത്.
2018 ഡിസംബർ രണ്ടിന് കേളോത്ത്-പുത്തനമ്പലം റോഡിൽ കേളോത്ത് ജങ്‌ഷനു സമീപമായിരുന്നു സംഭവം. വാരണം കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ വേഗത്തിൽ വീട്ടിൽ അഭിലാഷിനെയാണ് ഷാൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷാൻ ബാറിലിരുന്ന് വെള്ളമടിച്ച വിവരം അഭിലാഷ് ഷാന്റെ വീട്ടിൽ ചെന്ന് പറഞ്ഞു. ഇത് അറിഞ്ഞ ഷാൻ അടുത്തുള്ള കല്യാണവീട്ടിൽ പോയ അഭിലാഷിലെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മുഹമ്മ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ രണ്ടും മൂന്നും പ്രതികളായിരുന്ന ഗിരീഷ്, സുഖലാൽ എന്നിവരെ തെളിവില്ലെന്നുകണ്ട് കോടതി വെറുതേ വിട്ടു.
മുഹമ്മ പോലീസ് ഇൻസ്പെക്ടറായിരുന്ന പി.ജെ. ടോൾസൻ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 27 സാക്ഷികളെ പ്രോസിക്യൂഷനുവേണ്ടി വിസ്തരിച്ചത്. സബ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു വിചാരണ നടന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി. രാധാകൃഷ്ണൻ ഹാജരായി.