കോയമ്പത്തൂര്‍: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്ന് ആഭരണവും പണവും കവര്‍ന്ന കേസില്‍ ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍.
ഡിണ്ടിഗല്‍ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകന്‍ ധനുഷ് (27) ആണ് റെയ്‌സ് കോഴ്‌സ് പൊലീസിന്റെ പിടിയിലായത്. കോയമ്പത്തൂര്‍ ഈച്ചനാരിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്ന ധനുഷ്.
ബിസിനസില്‍നിന്ന് വരുമാനം കുറഞ്ഞതിനെത്തുടര്‍ന്നാണു ഡേറ്റിങ് ആപ്പ് വഴി വിവാഹിതരായ യുവതികളെ പരിചയപ്പെട്ട് തട്ടിപ്പ് തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്‌സ് കോഴ്‌സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയുടെ ആഭരണങ്ങളാണു കവര്‍ന്നത്.
ഈ മാസം രണ്ടിന് യുവതിയെ വിളിച്ചുവരുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. ഡേറ്റിങ് ആപ്പില്‍ തരുണ്‍ എന്ന പേരാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ സുഹൃത്തിനൊപ്പം യുവതിയെ ഭീഷണിപ്പെടുത്തി 3 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു.
മൊബൈല്‍ വഴി 90,000 രൂപയും ട്രാന്‍സ്ഫര്‍ ചെയ്യിച്ച ശേഷം യുവതിയെ താമസിക്കുന്ന രാമനാഥപുരത്തെ ഹോസ്റ്റലിനു മുന്നില്‍ ഇറക്കിവിടുകയായിരുന്നു.
















