കേരള സർവകലാശാല സെനറ്റ് യോഗത്തിൽ സിപിഎം-ബിജെപി അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരുണ്ടായി. കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃത വിഭാഗം മേധാവിയും ഓറിയന്റൽ സ്റ്റഡീസ് ഫാക്കൽറ്റി ഡീനുമായ ഡോ. സി.എൻ. വിജയകുമാരിയെ ഗവേഷക വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തിന്റെ പേരിൽ പുറത്താക്കണമെന്ന് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു ഇടത് പ്രതിഷേധം.
ഇടത് അംഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ, വിജയകുമാരിയെ അനുകൂലിച്ച് ബിജെപി സിൻഡിക്കറ്റ് അംഗങ്ങൾ രംഗത്തെത്തി. ഇടത് അംഗങ്ങൾ അനാവശ്യമായി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. വിദ്യാർഥിയുടെ പരാതിയിൽ 15 വർഷമായി ദളിത് പീഡനം നടക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും, ഓപ്പൺ ഡിഫൻസ് നടത്തുന്നതുവരെ വിദ്യാർഥിക്ക് പരാതിയുണ്ടായിരുന്നില്ല. ഈ അധ്യാപികയുടെ കീഴിൽ നിരവധി വിദ്യാർഥികൾ പഠിക്കുന്നുണ്ട്. മാത്രമല്ല, എംഫിൽ ബിരുദം നൽകിയപ്പോൾ വിപിൻ വിജയന് ജാതി അധിക്ഷേപ പരാതി ഇല്ലായിരുന്നു. പഠിക്കാത്ത വിദ്യാർഥികൾ എസ്എഫ്ഐയുടെ സ്വാധീനം ഉപയോഗിച്ച് ബിരുദം നേടാൻ ശ്രമിക്കുകയാണ് എന്നും കൂടുതൽ ജാതി രാഷ്ട്രീയം പറയുന്നത് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ ആണെന്നും ബിജെപി ആരോപിച്ചു.
വിവാദങ്ങൾക്കിടെ വിജയകുമാരിയെ അനുകൂലിച്ചുകൊണ്ട് ബിജെപി സിൻഡിക്കറ്റ് അംഗം ഡോ. വിനോദ് കുമാർ നടത്തിയ പരാമർശം കൂടുതൽ തർക്കത്തിന് വഴിവച്ചു. “വിജയകുമാരി ടീച്ചറുടെ വീട്ടിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ദളിതനായ സെനറ്റ് അംഗത്തിന് കാര്യവട്ടത്ത് മുറി കൊടുക്കാതെ ഇടത് അംഗങ്ങൾ തടഞ്ഞുവെന്നും അതിനാൽ ദളിത് സ്നേഹം പറയാൻ സിപിഎമ്മിന് അവകാശമില്ലെന്നും ഡോ. വിനോദ് കുമാർ കൂട്ടിച്ചേർത്തു. എന്നാൽ, വിജയകുമാരി ടീച്ചർ ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കി മറ്റൊരു ബിജെപി അംഗമായ ഡോ. പി.എസ്. ഗോപകുമാർ പിന്നീട് തിരുത്തി രംഗത്തെത്തി.
















