റിയാദ്: ന്യൂമോണിയ ബാധയെ തുടർന്ന് ദമ്മാമിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് ദാരുണമായി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് നെറ്റിച്ചിറ സ്വദേശിയായ അരുൺ നിവാസിൽ രാകേഷ് രമേശൻ (37) ആണ് മരിച്ചത്.
രണ്ട് ആഴ്ചയ്ക്കുമുമ്പ് പനിയും കഫക്കെട്ടുമെന്ന ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്ന രാകേഷിന് ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ടു ദിവസം മുൻപ് വീണ്ടും ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയെങ്കിലും, വെന്റിലേറ്റർ സഹായത്തോടെയുള്ള ചികിത്സ പരാജയപ്പെട്ടു.
പത്ത് വർഷത്തിലേറെയായി സൗദിയിൽ ജോലി ചെയ്തുവരികയായിരുന്നു രാകേഷ്. ദമ്മാമിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ മെക്കാനിക്കൽ എൻജിനീയറായി പ്രവർത്തിച്ചു വരികയായിരുന്നു. മാതാപിതാക്കൾ രമേശൻ ചെട്ടിയാർ, എ. മോളി. ഭാര്യ നീതു രാകേഷ്, മക്കൾ സകേത് രാകേഷ്, സാരംഗ് രാകേഷ് (ദമ്മാം ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ) എന്നിവരാണ് ദമ്മാമിലൊപ്പമുള്ളത്. കുടുംബം വെറും അഞ്ചുമാസം മുൻപാണ് സൗദിയിൽ എത്തിയത്. രണ്ട് സഹോദരന്മാരുമുണ്ട്.
മൃതദേഹം അൽ ഖോബാർ ദോസരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നിയമനടപടികൾ സാമൂഹിക പ്രവർത്തകൻ എബ്രഹാം മാത്യുവിൻറെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
















