ജാതി ഭൂതങ്ങള്‍ നാടുവാണിരുന്നകാലത്ത്, ഭൂമിയുടെ അവകാശികളല്ലാത്ത, കല്ലുമാലയും, മുലക്കരവും, തീണ്ടലും തുടങ്ങി സമസ്ത മേഖലയിലും അയിത്തം കല്‍പ്പിച്ച ഒരു ജനതയുടെ അവകാശങ്ങളെ അന്നേവരെ അടക്കിവെയ്ക്കാന്‍ ധ്വംസിച്ചും, ഭത്സിച്ചും, അടിമയെന്ന ചാപ്പകുത്തി മാറ്റി നിര്‍ത്തിയ മനുഷ്യരുടെ സാമൂഹിക സ്വാതന്ത്ര്യത്തിന്റെ തുടക്കമാണ് ക്ഷേത്രപ്രവേശന വിളംബരം. ഇന്ന് അതിന്റെ 89-ാം വാര്‍ഷികമാണ്. മണ്ണില്‍ പണിയെടുത്ത് നാടിനെയാകെ അന്നമൂട്ടിയിരുന്ന മനുഷ്യരെ ചങ്ങലയ്ക്കിട്ട് അടിമയാക്കിയ ജാതി മൃഗങ്ങള്‍ക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയ കാലത്തിന്റെ ഓര്‍മ്മ പുതുക്കലെന്നു വേണമെങ്കില്‍ പറയാം. കാരണം, 89 വര്‍ഷം മുമ്പ് മനുഷ്യരുടെ അവസ്ഥ എന്തായിരുന്നു എന്ന് ആരും ഓര്‍ക്കില്ല. അവര്‍ക്ക് ക്ഷേത്രങ്ങളിലേക്ക് പ്രവേശനം നല്‍കിയ രാജാവിനെ മാത്രമേ ഓര്‍ക്കൂ.
സ്വാതന്ത്ര്യം നല്‍കിയ വ്യക്തിയുടെ ധീരോദാത്ത പ്രവൃത്തിയുടെ ഓര്‍മ്മ പുതുക്കലായ് മാത്രമേ സവര്‍ണ്ണരും സര്‍ക്കാരും ഇന്നത്തെ ദിവസത്തെ ഓര്‍ക്കാനും ആഘോഷിക്കാനും ശ്രമിക്കൂ.. അതാണോ വേണ്ടത് ?. അങ്ങനെയാണോ ഈ ദിവസത്തെ അടയാളപ്പെടുത്തേണ്ടത് ?. വിളംബരം നടത്തിയ രാജാവിനെയല്ല, അന്നേവരെയും തടഞ്ഞു വെയ്ക്കപ്പെട്ട തുല്യത സ്വാതന്ത്ര്യം തിരികെ കിട്ടിയ മനുഷ്യരെയാണ് ഈ ദിവസം ഓര്‍ക്കേണ്ടത്. അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചാണ് ഓര്‍ക്കേണ്ടത്. അവര്‍ സഹിച്ച യാതനകള്‍ കേരള ചരിത്രത്തില്‍ പോലും അടയാളപ്പെടുത്തപ്പെടാതെ പോയിട്ടുണ്ട്. കാരണം, അവര്‍ക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പോലും അവസരം നല്‍കാതെ, ഭൂമിയും സ്വത്തും, അവകാശങ്ങളും, ആഡംബരങ്ങളും, വിദ്യാഭ്യാസവും, വഴികളുമെല്ലാം സ്വന്തമാക്കിയ ജാതിവെറിയുടെ അപ്പോസ്തലന്‍മാരെ വെറുക്കേണ്ട ദിവസമണ് ഇന്ന്.
മനുഷ്യര്‍, അഥവാ അവര്‍ണ്ണര്‍ എന്ന് സവര്‍ണ്ണര്‍ വിളിച്ചിരുന്നവരുടെ സാമൂഹിക സാഹചര്യവും ജീവിതവും സ്വാതന്ത്ര്യവും, ക്ഷേത്ര പ്രവേശ വിളംബരത്തിനു മുമ്പും അതിനു ശേഷവും എന്ന് വേര്‍തിരിച്ചു മനസ്സിലാക്കണം. അപ്പോഴേ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഉള്ളും കള്ളവും തിരിച്ചറിയാനാകൂ. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ എണ്‍പത്തി ഒമ്പതാം വാര്‍ഷികമാണിന്ന്. തിരുവതാംകൂറിലെ അവര്‍ണ്ണ, ദളിത്, ആദിവാസി ജനവിഭാഗങ്ങള്‍ക്ക് വേണ്ടി 1936 നവംബര്‍ 12 നായിരുന്നു ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായത്. പുരോഗമനപരവും ചരിത്രത്തില്‍ സമാനതകളില്ലാത്തതുമായ ക്ഷേത്രപ്രവേശന വിളംബരത്തില്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ തുല്യം ചാര്‍ത്തിയ ദിവസം. ഇതിലൂടെ ചിത്തിര തിരുനാളും തിരുവിതാംകൂറും ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടി. സാമൂഹിക സമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടി നടന്ന ഒട്ടേറെ പോരാട്ടങ്ങളുടെയും നിരന്തര പരിശ്രമങ്ങളുടെയും ഫലപ്രാപ്തി എന്ന നിലയിലാണ് ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത്.
എന്നാല്‍, ജാതീയമായ ഉച്ചനീചത്വങ്ങളില്‍ മനംമടുത്ത മനുഷ്യര്‍ (ജാതി ഭൂതങ്ങള്‍ വിളിക്കുന്ന അവര്‍ണ്ണര്‍) വ്യാപകമായി മതപരിവര്‍ത്തനത്തിനു തയ്യാറായതാണ് ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ തീരുമാനമെടുക്കാനുണ്ടായ മറ്റൊരു പ്രധാന കാരണമെന്ന ചരിത്രസത്യം എത്രപേര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഹിന്ദുമതം ഉപേക്ഷിക്കാന്‍ ദളിതരോട് അംബേദ്കര്‍ ആഹ്വാനം ചെയ്തിരുന്നു. അവര്‍ണ്ണര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കി ക്രൈസ്തവ മിഷണറിമാരും മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചു. ഹിന്ദുമതത്തില്‍ നിന്നും വന്‍തോതിലുള്ള കൊഴിഞ്ഞുപോക്ക് മുന്നില്‍ക്കണ്ട ഹൈന്ദവ നേതാക്കള്‍ അവര്‍ണ്ണരോടുള്ള അവഗണന അവസാനിപ്പിക്കാന്‍ പ്രേരണ ചെലുത്തയതിന്റെ ഭാഗമായാണ് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായതെന്ന് ചരിത്രത്തെ മാറ്റി വായിക്കേണ്ടതുണ്ട്.
- എന്താണ് ക്ഷേത്ര പ്രവേശന വിളംബരം ?
ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന സാമൂഹിക ദുരാചാരങ്ങളില്‍ ഒന്നായിരുന്നു അയിത്തം. ജാതീയമായി താഴേക്കിടയിലുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്നതും ഈ അയിത്താചരണത്തിന്റെ ഭാഗമായാണ്. മത ആചാരത്തിന്റെ ഭാഗമായി കണ്ടിരുന്നതിനാല്‍ അവര്‍ണ്ണരില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നില്ല. എന്നാല്‍ സതി നിരോധനത്തിനു ശേഷം ഇന്ത്യയിലെമ്പാടും ജാതീയമായ വിവേചനങ്ങള്‍ക്കെതിരെ നിശ്ശബ്ദ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങി. കീഴ്ജാതിക്കാരുടെ അവശതകള്‍ക്കു പരിഹാരം കാണാനുള്ള ശ്രമം തിരുവതാംകൂറില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ആരംഭിച്ചിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയില്‍ വൈകുണ്ഠസ്വാമി തുടക്കം കുറിച്ച സമത്വസമാജം ഈ ലക്ഷ്യം വച്ചുള്ളതായിരുന്നു. പിന്നീടു തിരുവതാംകൂറിന്റെ മണ്ണില്‍ ഒട്ടേറെ നവോത്ഥാന നായകര്‍ കടന്നുവന്നു.
അയ്യന്‍കാളി, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, ഡോ. പല്പു, മഹാകവി എന്‍. കുമാരനാശാന്‍, സി.വി. കുഞ്ഞുരാമന്‍, ടി.കെ. മാധവന്‍ തുടങ്ങിയവര്‍ തങ്ങളുടെ പ്രബോധനങ്ങളിലൂടെ ജാതിചിന്തയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കി. ഇവയ്ക്കുപുറമേ അയ്യന്‍കാളിയെയും ടി.കെ. മാധവനെയും പോലുള്ളവര്‍ നിയമസഭയിലും(അന്നത്തെ പ്രജാസഭ) അവര്‍ണ്ണര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി.
- 1936 നവംബര്‍ 12നു പുറത്തിറങ്ങിയ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പൂര്‍ണ്ണരൂപം
”ശ്രീപദ്മനാഭദാസ വഞ്ചിപാല സര്‍ രാമവര്‍മകുലശേഖര കിരീടപതിമന്നേ സുല്‍ത്താന്‍ മഹാരാജ രാമരാജ ബഹദൂര്‍ ഷംഷെര്‍ ജംഗ്,നൈറ്റ് ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദ് ഇന്ത്യന്‍ എംപയര്‍, തിരുവതാംകൂര്‍ മഹാരാജാവു തിരുമനസ്സുകൊണ്ട് 1936-നു 12-നുക്കു ശരിയായ 1112 തുലാം 12-ന് പ്രസിദ്ധപ്പെടുത്തുന്ന വിളംബരം:
നമ്മുടെ മതത്തിന്റെ പരമാര്‍ത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും ആയതു ദൈവികമായ അനുശാസനത്തിലും സര്‍വവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും, അതിന്റെ പ്രവര്‍ത്തനത്തില്‍ അതു ശതവര്‍ഷങ്ങളായി കാലപരിവര്‍ത്തനത്തിന് അനുയോജിച്ചു പോന്നുവെന്നു ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളില്‍ ആര്‍ക്കുംതന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാല്‍ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാല്‍, സമുചിതമായ പരിതഃസ്ഥിതികള്‍ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും നാം നിശ്ചിയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.’
- സവര്‍ണ്ണരുടെ ഗത്യരമില്ലാത്ത പിന്തുണ
തിരുവതാംകൂറിലെ ജാതിവിരുദ്ധ സമരങ്ങള്‍ക്ക് മിക്കപ്പോഴും പുരോഗമന ചിന്താഗതിക്കാരായ സവര്‍ണ്ണ ഹിന്ദുക്കളില്‍ നിന്നും പിന്തുണ കിട്ടിയിരുന്നു. ടി.കെ. മാധവന്‍ അയിത്തത്തിനെതിരായ സമരത്തില്‍ മന്നത്ത് പത്മനാഭന്‍, ചങ്ങനാശേരി പരമേശ്വരന്‍ പിള്ള തുടങ്ങിയ സവര്‍ണ്ണ നേതാക്കളുടെ പിന്തുണയും ഉറപ്പാക്കിയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ രൂപവത്കരിച്ച എസ്.എന്‍.ഡി.പി. യോഗവും അയ്യന്‍കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘവുമായിരുന്നു തിരുവതാംകൂറില്‍ അയിത്തോച്ഛാടനത്തിനു വേണ്ടി ശക്തമായി വാദിച്ച സംഘടനകള്‍. ഇവരുടെ നിലപാടുകള്‍ക്ക് നമ്പൂതിരിമാരുടെ യോഗക്ഷേമസഭ, നായര്‍ സര്‍വീസ് സൊസൈറ്റി എന്നീ സവര്‍ണ്ണ ഹൈന്ദവ സംഘടനകളും പിന്നീട് ഗത്യന്തരമില്ലാതെ പിന്തുണ നല്‍കി.
- ക്ഷേത്രപ്രവേശന സമിതി
1932ല്‍ ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അന്നത്തെ ദിവാനായ വി.എസ്. സുബ്രഹ്മണ്യയ്യര്‍ അധ്യക്ഷനായുള്ള എട്ടംഗ സമിതിയെ മഹാരാജാവ് നിയോഗിച്ചു. സമിതി രണ്ടുവര്‍ഷത്തിനു ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പക്ഷേ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല. അവര്‍ണ്ണരെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ സവര്‍ണ്ണര്‍ക്ക് പരമ്പരാഗതമായുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന കോടതി ഉത്തരവുകളായിരുന്നു സമിതി പ്രധാനമായും ആശ്രയിച്ചത്. ക്ഷേത്രപ്രവേശനം എന്ന കാതലായ വിഷയം മാറ്റിവച്ച് തീണ്ടല്‍ അവസാനിപ്പിക്കാനുള്ള ചില നടപടികള്‍ സമിതി ശുപാര്‍ശചെയ്തു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം ചെലവഴിച്ചു നിര്‍മ്മിച്ച റോഡുകളും പൊതു കുളങ്ങളും എല്ലാവിഭാഗം ജനങ്ങള്‍ക്കുമായി തുറന്നുകൊടുക്കണം എന്നായിരുന്നു സമിതിയുടെ ശുപാര്‍ശ. ഇതു 1936 മേയ് മാസം നടപ്പാക്കി.
- വൈക്കം സത്യാഗ്രഹം
ക്ഷേത്രപ്രവേശന വിളംബരത്തിനു വഴിതെളിച്ച മറ്റൊരു സംഭവമായിരുന്നു 1924ലെ വൈക്കം സത്യാഗ്രഹം. ക്ഷേത്രങ്ങളിലേക്കുള്ള പൊതുവഴിയില്‍ അവര്‍ണ്ണര്‍ക്കു സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചു കിട്ടാനായിരുന്നു ഈ സമരം. അമ്പലപ്പുഴയിലും തിരുവാര്‍പ്പിലും സമാനമായ സമരങ്ങള്‍ അരങ്ങേറി. മഹാത്മാ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് വൈക്കം സത്യാഗ്രഹം ദേശീയ ശ്രദ്ധനേടുകയും ചെയ്തു. സമരത്തിന്റെ ഫലമായി വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴി അവര്‍ണ്ണര്‍ക്കു തുറന്നുകൊടുത്തു. തിരുവതാംകൂറിലെ ജനങ്ങള്‍ക്കിടയില്‍ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ മനോഭാവം സൃഷ്ടിക്കാന്‍ വൈക്കം സത്യാഗ്രഹം വഹിച്ച പങ്ക് വലുതാണ്. കണ്ടോത്ത് ആക്രമണം 1930ല്‍ കണ്ണൂരിലെ ക്ഷേത്രത്തിന്റെ മുന്‍പില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് എ. കെ ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന സമരം 1930ല്‍ തന്നെ വിജയം കണ്ടു. കൊച്ചിയില്‍ 1947 ഡിസംബര്‍ 20നാണ് ഇത്തരം ഒരു ഉത്തരവ് വന്നത്. മദിരാശി സര്‍ക്കാര്‍ മലബാറിലെ പൊതുക്ഷേത്രങ്ങളില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിച്ചുള്ള ഉത്തരവ് 1947 ജൂണ്‍ 12 പുറപ്പെടുവിച്ചു.
CONTENT HIGH LIGHTS; Humans who have accepted caste animals?: That is the temple entry?: Not the king who made the proclamation, but the people who have gained freedom should be praised?; What is the temple entry proclamation?
















