തലയോലപ്പറമ്പ്: മറവൻതുരുത്തിൽ 150 വർഷത്തോളം പഴക്കമുള്ള പുരാതന നാലുകെട്ട് തറവാട് തീപിടിച്ച് നശിച്ച സംഭവം പ്രദേശത്ത് അതിശയവും ആശങ്കയും പരത്തി. തറവാടിന്റെ ഉടമയായ കുഴിക്കേടത്ത് അഭിലാഷ് തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി.
തടിയിൽ കൊത്തുപണികളാൽ അലങ്കരിച്ച അറകളും നിരകളും മച്ചുമൊക്കെയുളള ഈ പാരമ്പര്യനിർമ്മിത വീടാണ് ഒരു രാത്രികൊണ്ട് ചാരമായത്. വീടിനടുത്ത് പകുതി കത്തിയ നിലയിൽ ചൂട്ടുകറ്റ കണ്ടെത്തിയതോടെ തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ദുരൂഹത ശക്തമായി.
ഷോർട് സർക്ക്യൂട്ട് ആകാൻ സാധ്യതയില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധന വ്യക്തമാക്കുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെ വീടിന്റെ ഭാഗത്ത് നിന്ന് പടക്കം പൊട്ടുന്നതുപോലുള്ള ശബ്ദം കേട്ടുവെന്നാണ് അയൽവാസികളുടെ മൊഴി.
ഒന്നര ഏക്കർ വിസ്തൃതിയുള്ള പറമ്പിന്റെ നടുവിലാണ് ഈ വീട്. വീടിന്റെ ഒരു വശം മൂവാറ്റുപുഴായാറിനോട് ചേർന്നതാണ്. വർഷങ്ങളായി ആൾത്താമസം ഇല്ലാത്ത ഈ സ്ഥലം രാത്രിയാകുമ്പോൾ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും ലഹരി ഇടപാടുകൾക്കും കേന്ദ്രമാകുന്നുവെന്ന് നാട്ടുകാർ പറയുന്നു.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമാക്കുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. മനുഷ്യ ഇടപെടലോ മറ്റേതെങ്കിലും നിഗൂഢ കാരണമോ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
















