പാലോട്: നന്ദിയോട് പേരയം താളിക്കുന്നിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ ഷെഡിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് സ്ത്രീ തൊഴിലാളികൾക്ക് ഗുരുതര പൊള്ളലേറ്റു. താളിക്കുന്ന് തടത്തരികത്ത് വീട്ടിൽ ഷീബ (39), ആനകുളം മഞ്ചു വിലാസത്തിൽ മഞ്ചു (35), താളിക്കുന്ന് തടത്തരികത്ത് വീട്ടിൽ അജിത (52) എന്നിവരാണ് പരിക്കേറ്റത്.
മൂവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 50 ശതമാനം പൊള്ളലേറ്റ ഷീബയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ ആഘാതത്തിൽ ഷെഡിന് പുറത്ത് നിൽക്കുകയായിരുന്ന ശ്രീമതി എന്ന സ്ത്രീ സ്ഫോടനശബ്ദം കേട്ട് വീണ് പരിക്കേൽക്കുകയും അവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അജിത് കുമാറിന്റെ ഉടമസ്ഥതയിലുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ രാവിലെ ഒൻപത് മണിയോടെ ആണ് അപകടം സംഭവിച്ചത്. ഓലപ്പടക്കത്തിനുള്ള തിരി മുറിച്ചു തയാറാക്കുന്നതിനിടെ തീപ്പൊരി വെടിമരുന്നിലേക്ക് പടർന്നതോടെയാണ് ഉഗ്രശബ്ദത്തോടെ തീപിടിത്തം ഉണ്ടായത്.
അപകട സമയത്ത് ഷെഡിനുള്ളിൽ പ്രവർത്തിച്ചിരുന്നവർ തീപ്പിടിത്തത്തിൽ കുടുങ്ങുകയും ഷീറ്റ് മേൽക്കൂര അടക്കം പൂർണമായി തകർന്നതോടെ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലാകുകയും ചെയ്തു.
നാട്ടുകാർ അതിവേഗം എത്തി പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചു. പാലോട് പൊലീസ്, വിതുര ഫയർ ഫോഴ്‌സ് എന്നിവരും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള നടപടികൾ കൈക്കൊണ്ടു.
അപകടവുമായി ബന്ധപ്പെട്ട് പാലോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി എസ്എച്ച്‌ഒ ആർ. ബിനു അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമാക്കുന്നതിനായി അന്വേഷണവും പുരോഗമിക്കുന്നു.
















