മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് അഫ്സൽ. മമ്മൂട്ടി നായകനായ ‘രാപ്പകൽ’ എന്ന ചിത്രത്തിൽ അഫ്സൽ പാടിയ ‘പോകാതെ കരിയിലക്കാറ്റേ..’ എന്ന ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയ റീലുകളിൽ ഈ ഗാനം ഒരിടയ്ക്ക് ട്രെൻഡ് ആയിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ഗായകൻ അഫ്‌സൽ. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഫ്സൽ മനസുതുറന്നത്.
‘പോകാതെ കരിയിലക്കാറ്റേ..’ എന്ന പാട്ട് പാടികഴിഞ്ഞ് എന്നെ ഏറ്റവും കൂടുതൽ അഭിനന്ദിച്ചത് സിനിമയുടെ റൈറ്റർ ആയ ടി എ റസാക്ക് ആണ്. മലയാളത്തിൽ നീ ഒരുപാട് പാട്ട് പാടുമെങ്കിലും ഈ ഗാനം നിനക്ക് ഒരു ബെഞ്ച്മാർക്ക് ആകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ ഒരുപാട് പാട്ട് പാടിയിട്ടുണ്ടെങ്കിലും ഈ പാട്ടിന് ഒരു പ്രത്യേക സ്നേഹം ഉണ്ട്. അഫ്സൽ എന്ന ഗായകൻ ഒരു അടിപൊളി സിങ്ങർ ആയി നിലനിൽക്കുന്നതോടൊപ്പം ഇത്തരം പാട്ടുകളും പാടാൻ കഴിയുമെന്ന് തെളിയിക്കാൻ പറ്റി. ഈ പാട്ട് നിനക്ക് സ്പെഷ്യൽ അല്ലേ എന്ന് മമ്മൂക്ക എന്നോട് ചോദിക്കാറുണ്ട്. അന്ന് പാട്ട് പാടിയതിന് ശേഷം കണ്ടില്ലെങ്കിലും പിന്നീട് കാണുമ്പോൾ ആ പാട്ടിനൊരു പ്രത്യേകതയുണ്ട് എന്ന് മമ്മൂക്ക പറയുമായിരുന്നു’, അഫ്സലിന്റെ വാക്കുകൾ.
കമൽ ഒരുക്കിയ രാപ്പകലിൽ മമ്മൂട്ടിയ്‌ക്കൊപ്പം നയൻതാര, ശാരദ, വിജയരാഘവൻ, സലിം കുമാർ, ഗീതു മോഹൻദാസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു. മികച്ച പ്രതികരണം നേടിയ സിനിമ തിയേറ്ററിലെ വലിയ വിജയം നേടിയിരുന്നു. മോഹൻ സിതാരയാണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. ടി എ റസാഖ് ആയിരുന്നു സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു.
















